തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ടിംഗ് അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട് മൂന്നു മണി വരെയായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് മാത്രമേ അനുവദിക്കൂ. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാലും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം മൂന്നു മണിക്ക് ശേഷവും പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് പോളിങ്ങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കും. ജില്ല ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കുന്ന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ടിങ്ങിന് അവസരമുണ്ടാവൂ.

കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ലാ ഹെല്‍ത്ത് ഓഫീസ്‍ തയ്യാറാക്കുന്നതാണ് സര്‍ട്ടിഫൈഡ് ലിസ്റ്റ്. ഈ ലിസ്റ്റാണ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറുക. കോവിഡ് 19 സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ജില്ലാ തലത്തില്‍ ജില്ലാ ഹെല്‍ത്ത് ഓഫീസറാണ് അംഗീകരിച്ചു നല്‍കേണ്ടത്. തിരഞ്ഞെടുപ്പിന് പത്തു ദിവസം മുമ്പായിരിക്കും ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ അതാത് ദിവസങ്ങളില്‍ ജില്ല ഹെല്‍ത്ത് ഓഫീസര്‍ കൈമാറും.

ജില്ലയില്‍ ഡിസംബര്‍ ഒന്നിനാണ് ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുക. എന്നാൽ ഡിസംബര്‍ 8 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫൈഡ് ലിസ്റ്റ് നവംബര്‍ 29 ന് തന്നെ തയ്യാറാക്കാന്‍ ആരംഭിക്കും. സമീപ ജില്ലകളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട, ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിച്ച് അതാത് ജില്ലകളിലെ ജില്ലാ ഇലക്ഷൻ ഓഫീസര്‍ക്ക് കൈമാറും.