വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്, നഗരസഭ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലായിരുന്നു ആദ്യ പരിശീലന ക്ലാസ്. മാനന്തവാടി ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി.കെ.പുരുഷോത്തമന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കേണ്ട രീതി, പോളിംഗ് ബൂത്തില്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. മാനന്തവാടി ബ്ലോക്കില്‍ 213 പോളിങ് സ്റ്റേഷനുകളിലെ 213 പ്രിസൈഡിങ് ഓഫീസര്‍മാരും 213 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും റിസര്‍വ് ഓഫീസര്‍മാരും പരിശീലന ക്ലാസ്സില്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 5 വരെയുമുള്ള രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം നടന്നത്. ജില്ലാ ബ്ലോക്ക് തല ട്രെയ്‌നര്‍മാര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിശീലന ക്ലാസുകള്‍ നടത്തിയത്.