നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ചില ആളുകള്‍ അതിന് തടസം നില്‍ക്കുന്നുണ്ട്. അവരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും ഭാവിയെക്കരുതി സമൂഹത്തിനും സര്‍ക്കാരിനും വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ആരുടെ കൈവശവും ആവശ്യത്തിലധികം ഭൂമിയില്ല. അങ്ങനെയാകുമ്പോള്‍ വികസനത്തിനായി ഭൂമി വിട്ടു കൊടുക്കേണ്ടിവരുന്നത് പലര്‍ക്കും പ്രയാസമുണ്ടാക്കും. അത് സര്‍ക്കാര്‍ മനസിലാക്കുന്നു. എന്നുകരുതി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിപാരിഹാരം നല്‍കിയുള്ള പുനരധിവാസം ഉറപ്പുവരുത്തും. അത് സര്‍ക്കാരിന്റെ കടമയാണ്. നാടിന്റെ നന്മയെക്കരുതി കുറച്ചൊക്കെ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകുന്നത് മാതൃകപരമാണ്. അത്തരമൊരു മാതൃകാപരമായ സമീപനമാണ് കാറഡുക്കയില്‍ ബ്ലോക്ക് പഞ്ചായത്തിനായി ഭൂമി സൗജന്യമായി നല്‍കിയത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി മുതല്‍ കാസര്‍കോടുവരെ നല്ലനിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു കിലോമീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ 65 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ആറു കോടി രൂപവരെ നല്‍കേണ്ടിവരുന്നതായാണ് കേന്ദ്രം പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും എങ്ങനെ സമവായത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ക്കരിയില്‍ നിന്ന് അനുകൂല നിലപാടാണ് ഇക്കാര്യത്തില്‍ ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍മ്മംതോടിയില്‍ നടന്ന ചടങ്ങില്‍  റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിനായി ഭൂമി സൗജന്യമായി വിട്ടുനല്‍കിയ കുഞ്ഞിരാമന്‍, ദാമോദരന്‍, ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവരെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി ആദരിച്ചു.
      2018-19 വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഉദ്ഘാടനവും വനിതാ കാന്റീന്‍ തറക്കല്ലിടലും പി.കരുണാകരന്‍ എം.പി നിര്‍വഹിച്ചു.സംസ്ഥാനതല കേരളോത്സവ വിജയികളെ ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ അനുമോദിച്ചു. കരാറുകാരന്‍ സുബിന്‍ ആന്റണിക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉപഹാരം നല്‍കി ആദരിച്ചു.
അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ വി.എസ് സന്തോഷ്‌കുമാര്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്ന, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ ഹാജി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെളളിപ്പാടി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി, ബെളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലത, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ,  ജില്ലാപഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഗോപാലന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  സുന്ദര, സത്യവതി, എം ശ്രീധര, കെ വാരിജാക്ഷന്‍, ജെ വത്സല, ലില്ലി തോമസ്, കെ ടി രാഗിണി, എച്ച് ശങ്കരന്‍, കെ പി സുജല, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ്  ബി എം പ്രദീപ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.