തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 197 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് സായുധ പൊലീസ് സംഘം 24 മണിക്കൂർ പട്രോളിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ ബൂത്ത് പരിസരങ്ങളിൽ പട്രോളിങ് തുടരും.

മേഖലയിൽ 17 പ്രശ്ന സാധ്യത ബൂത്തുകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. നഗരസഭ പ്രദേശത്ത് ചിറ്റഞ്ഞൂർ, അടുപൂട്ടി, അഞ്ഞൂർ പ്രദേശങ്ങളിലെ ബൂത്തുകൾ പ്രശ്ന സാധ്യത ബൂത്തുകളാണെന്നാണ് നിഗമനം. സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിലും ഒട്ടേറെ പ്രശ്ന ബാധിത ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഈ ബൂത്തുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും.

മേഖലയിലെ 197 ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ കർശന നിർദ്ദേശങ്ങളാണ് നൽകുന്നതെന്ന് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.