തൃശ്ശൂർ: സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതിനായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊജക്റ്റിന്റെ കീഴിലാണ് ഷെൽട്ടർ ബെൽറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ തീരദേശ മേഖലകളിൽ അപകടസാധ്യത കണ്ടുവരുന്ന സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ അതത് പഞ്ചായത്തുകളെയും തഹസിൽദാർമാരെയും ജില്ലാ കളക്ടർ എസ്. ഷാനവാസ് ചുമതലപ്പെടുത്തി. സ്ഥലങ്ങൾ കണ്ടെത്താൻ അഡീഷണൽ ഇറിഗേഷൻ, ഫിഷറീസ് എന്നീ വകുപ്പുകളുടെ സംയുക്ത സഹായം ലഭിക്കും. ജില്ലയിൽ ചാവക്കാട്, കൊടുങ്ങല്ലൂർ കടലോര പ്രദേശങ്ങളിലായി 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ചെടികൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം.
സ്ഥലങ്ങളുടെ ലിസ്റ്റ് അടങ്ങിയ റിപ്പോർട്ട് പഞ്ചായത്തുകൾ അടുത്ത ദിവസം തന്നെ ജില്ലാ പഞ്ചായത്തിൽ എത്തിക്കണമെന്നും കലക്ടർ അറിയിച്ചു. സ്ഥലം, മരങ്ങൾ വയ്ക്കാനുള്ള നിശ്ചിത ദൂരം, അഡ്രസ്സ് എന്നിവ ജി ഐ എസ് കോഡിനേറ്റർ സഹിതം സമർപ്പിക്കണം. തീരദേശ മേഖലകളിൽ നടാൻ കഴിയുന്ന ഇനം ചെടികൾ, അവയുടെ വിതരണം, ചെലവ് എന്നിവയെക്കുറിച്ച് തീരുമാനിക്കാൻ സാമൂഹ്യ വനവൽക്കരണ വകുപ്പ് സഹായിക്കും.
മൂന്ന് വർഷത്തേക്കുള്ള പദ്ധതിക്ക് കേന്ദ്ര ധനസഹായം ലഭിക്കും. യോഗത്തിൽ ഡിഡി ഫിഷറീസ്, സാമൂഹിക വനവത്കരണ വകുപ്പ് ഉദ്യോഗസ്ഥർ, അഡീഷണൽ ഇറിഗേഷൻ ഓഫീസർ, ജില്ലാ പഞ്ചായത്ത് ഓഫീസർ, ചാവക്കാട്, കൊടുങ്ങല്ലൂർ തഹസിൽദാർമാർ, തീരദേശ മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.