ആലപ്പുഴ :ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് (ഡിസംബര്‍ 8) ജനം വിധിയെഴുതുമ്പോൾ പോളിങ് വിവരങ്ങൾ കൂടുതല്‍ വേഗത്തിലും, സുഗമവും ആക്കുന്നതിനായി പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍.

വോട്ടെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ സമയം മുതൽ പോൾ മാനേജർ വഴിയാകും ഉദ്യോഗസ്ഥ തലത്തിൽ വിവരങ്ങൾ കൈമാറുക. വോട്ടിംഗ് ദിവസം ഓരോ ബൂത്തുകളില്‍ നിന്നുള്ള വോട്ടിംഗ് ശതമാനം കൃത്യമായ ഇടവേളകളില്‍ ഈ അപ്പിലൂടെ ഉദ്യോഗസ്ഥര്‍ നല്‍കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്പില്‍ പോളിങ് സാമഗ്രികൾ കൈപ്പറ്റുന്നത് മുതൽ വോട്ടിംഗ് തീർന്നു വോട്ടിംഗ് മെഷീനുകൾ തിരികെ കളക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത് വരെയുള്ള സമയങ്ങളിലെ ഓരോ പ്രവർത്തിയും സംബന്ധിച്ചു മുന്‍കൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ഉള്ളത്. കൂടാതെ പോളിങ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുക. ഉദ്യോഗസ്ഥരുടെ ഫോണില്‍ ലഭ്യമാകുന്ന ഒ റ്റി പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യേണ്ടത് .ഉദ്യോഗസ്ഥര്‍ക്ക് നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സംവിധാനം, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരുന്നു. ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.അജി ജേക്കബ് കുര്യന്‍, അഡീഷണല്‍ ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.കെ.മോഹനന്‍ എന്നിവര്‍ക്കാണ് എന്‍.ഐ,സിയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിന്റെ മേല്‍നോട്ടം വഹിക്കുന്നത്.