തിരുവനന്തപുരം: ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കാൻ അര മണിക്കൂർ കൂടി ശേഷിക്കവെ പോളിങ് ശതമാനം 68.56 ആയി. ആകെ വോട്ടർമാരിൽ 19,45,892 പേർ ഇതുവരെ വോട്ട് ചെയ്തതായാണ് വിവിധ ബൂത്തുകളിൽനിന്നു ലഭിക്കുന്ന വിവരം.
ജില്ലയുടെ തീരദേശ മേഖലകളിൽ ഇപ്പോഴും വലിയ ക്യൂ ദൃശ്യമാണ്. ആറു മണിക്ക് ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകിയാകും വോട്ടെടുപ്പ് പൂർത്തയാക്കുക. ഇന്നലെ വൈകിട്ടു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിച്ച സർട്ടിഫൈഡ് ലിസ്റ്റിൽപ്പെട്ട വോട്ടർമാർക്ക് ഇപ്പോൾ ബൂത്തിലേക്കെത്താം. പി.പി.ഇ. കിറ്റ് ധരിച്ചാകണം ഇവർ എത്തേണ്ടത്. ഇവർ പോളിങ് ബൂത്തിന്റെ കോംപൗണ്ടിൽ അവർ വന്ന വാഹനങ്ങളിൽത്തന്നെയിരിക്കണം.
ക്യൂവിലുള്ള മുഴുവൻ വോട്ടർമാരും വോട്ട് ചെയ്തശേഷം ഇവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകും. ഇവർ ബൂത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം ബൂത്തിലുള്ള മുഴുവൻ ആളുകളും പി.പി.ഇ. കിറ്റ് ധരിക്കണം.