സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമതലങ്ങള്‍ വരെയുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ലോകപരിസ്ഥിതി ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കി പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികള്‍ എല്ലാ വകുപ്പ് മേധാവികളും സ്വീകരിക്കണം. ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കര്‍മ്മപദ്ധതി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ യോഗത്തില്‍ അവതരിപ്പിച്ചു.
എല്ലാ ഓഫീസിലും ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി രൂപീകരിച്ച് നോഡല്‍ ഓഫീസറെ നിയോഗിക്കും. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം തംതിരിച്ച് ശേഖരിക്കാനായി പ്രത്യേകം ബിന്നുകള്‍ അതത് സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയും അഴുകാത്ത മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം സ്ഥലം കണ്ടെത്തുകയും ചെയ്യണം. എല്ലാ പൊതു ചടങ്ങുകളിലും പ്രചാരണങ്ങള്‍ക്കും തുണി ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കുന്നു എന്നുറപ്പാക്കുകയും വേണം.
പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ മാത്രമേ ആഹാരം കൊണ്ടു വരാവൂ എന്ന് മേധാവികള്‍ ജീവനക്കാരോട് നിര്‍ദേശിക്കണം. മെയ് 15നകം ഓഫീസുകളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധിക്കുകയും, ഓഫീസിലുണ്ടാകുന്ന ജൈവമാലിന്യങ്ങളുടെ തോതനുസരിച്ചുളള കമ്പോസ്റ്റ് ഉപാധികള്‍ സ്ഥാപിക്കുകയും കമ്പോസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യണം.
സ്റ്റീല്‍, പോര്‍സലൈന്‍ കപ്പുകളും പ്ലേറ്റുകളും വാങ്ങുക, നിശ്ചിത ഇടവേളകളില്‍ അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശ സ്ഥാപനവുമായോ, പാഴ് വസ്തു വ്യാപാരികളുമായോ, ക്ലീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തുക, ടോയ്‌ലറ്റുകള്‍ സ്ത്രീ സൗഹൃദമാക്കുക, ടോയ്‌ലെറ്റുകളില്‍ വെളളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ മെയ് 31നകം സ്വീകരിക്കണം.
തരം തിരിച്ച് ശേഖരിച്ച അജൈവ മാലിന്യം നീക്കം ചെയ്യുന്നതിനുളള സംവിധാനം സംബന്ധിച്ച വിവരം എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും കര്‍മ്മ പദ്ധതിയില്‍ പറയുന്നു.
ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍.സീമ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
