തൃശ്ശൂർ: സംസ്ഥാനത്ത് 10, 12 ക്ലാസുകളിലെ അധ്യയനം 2021 ജനുവരി 1 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ഉന്നതതല യോഗം ചേർന്നു. സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നടപ്പാക്കുവാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്.
ക്ലാസ് മുറികൾ അണു വിമുക്തമാക്കുന്നതിനും വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മതിലകം ബി പി സി സിന്ധു ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ഗിരിജ, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ: സാനു പരമേശ്വരൻ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, മതിലകം ബി ഡി ഒ അമ്മുക്കുട്ടി പി സ്കറിയ, കയ്പമംഗലം പോലീസ് സ്റ്റേഷൻ അഡീഷണൽ എസ് ഐ ജിഷിൽ, കൊടുങ്ങല്ലൂർ അഡീഷണൽ എസ് ഐ ബസന്ത്, ഫയർഫോഴ്സ് എസ് ഐ ഇൻ ചാർജ് എം എൻ സുധൻ, അധ്യാപക-പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.