വയനാട്: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ
സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യവകാശ പ്രവര്‍ത്തകര്‍ എന്ന പേരില്‍ പണപ്പിരിവ് നടത്തി ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുന്നതായുള്ള പരാതിയില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഗാര്‍ഹിക പീഡന പരാതി ഉള്‍പ്പെടെ 11 കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ആകെ 64 കേസുകളാണ് പരിഗണിച്ചത്. 11 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. 32 കേസുകളില്‍ ഇരുകൂട്ടരും ഹാജരായില്ല. 10 കേസുകളില്‍ എതിര്‍ കക്ഷികള്‍ ഹാജരായില്ല. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ.എം.എസ് താര തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.