പുതുവര്‍ഷാഘോഷം രാത്രി 10 വരെ മാത്രം; ലംഘിച്ചാല്‍ കര്‍ശന നടപടി

കോവിഡ് 19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പുതുവര്‍ഷ ആഘോഷങ്ങള്‍ പൂര്‍ണമായും കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രം ആയിരിക്കണം.

ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതും ബ്രേക്ക് ദ ചെയിന്‍ ഭാഗമായി സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതാണ്.

ആഘോഷങ്ങളുടെ ഭാഗമായി ഒരുതരത്തിലും പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് അനുവദിക്കുന്നതല്ല.

ഇന്ന് രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുമുള്ള ആഘോഷങ്ങള്‍ അനുവദിക്കുന്നതല്ല

ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.