എറണാകുളം: സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ് ഈ സര്‍ക്കാര്‍ തുടക്കംമുതൽ ലക്ഷ്യമിടുന്നതെന്നും ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അടുത്ത തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ സംവാദനത്തിനായി സംഘടിപ്പിച്ച എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാവരിലും വികസനത്തിന്‍റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്‍റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാലര വര്‍ഷക്കാലം ചരിത്രത്തില്‍ ഇതേവരെ ഉണ്ടാകാത്ത വിവിധ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും കേരളത്തിന്റെ വികസനം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചു. പ്രകടനപത്രികയില്‍ അക്കമിട്ട് നിരത്തിയ 600 വാഗ്ദ്ധാനങ്ങളില്‍ 570ഉം നടപ്പിലാക്കി, വര്‍ഷാവര്‍ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാനും സാധിച്ചു. പ്രകടനപത്രികയ്ക്ക് പുറത്തുള്ള നൂറുകണക്കിന് വികസന പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുവാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഖി മുതല്‍ കോവിഡ് വരെ, നൂറ്റാണ്ടിലെ പ്രളയം ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ കുറഞ്ഞ ഇടവേളകളില്‍ സംഭവിച്ചപ്പോള്‍ നാട് ഒറ്റക്കെട്ടായി അതിനെ നേരിട്ടതും അതിജീവിച്ചതും ലോകം ശ്രദ്ധിച്ചു. ഈ നാടിന്‍റെ പ്രത്യേകതയാണ് അതിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴാണ് സര്‍ക്കാര്‍ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചത്. വിസ്മയകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ കുടുംബങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏഴ് ലക്ഷംടണ്ണായിരുന്നു സംസ്ഥാനത്തെ കാര്‍ഷിക ഉത്പാദനമെങ്കില്‍ നിലവില്‍ അത് 15 ലക്ഷം ടണ്ണായി ഉയര്‍ന്നു. തരിശ് രഹിത പദ്ധതികള്‍ വിജയം കണ്ടു. തരിശ് രഹിത ജില്ല പദ്ധതിയിലേക്കാണ് ഇനി കടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നു. സ്റ്റാര്‍ട്ടപ്പുകളും വിവിധ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു. സ്റ്റാര്‍ട്ടപ് വികസനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ യുവാക്കൾ തൊഴിൽ ദാതാക്കളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. ഇതിലൂടെ പുതിയൊരു വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. ഇത്തരം വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അനുമതികള്‍ നേടിയാല്‍ മതിയെന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിരഹിത, നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന ഖ്യതി ആഗോളതലത്തില്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറായി. കൂടുതല്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രളയാനന്തരം സര്‍ക്കാര്‍ ആരംഭിച്ച കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പദ്ധതി പഴയതിനെ പുന:സ്ഥാപിക്കലല്ലെന്നും ഒരു കാലാവസ്ഥക്കെടുതിക്കും തകര്‍ക്കാനാവാത്ത കേരളത്തിന്‍റെ സൃഷ്ടിയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്‍റെ ഭാവിവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വ്യത്യസ്തമായ നാല് മിഷനുകള്‍ക്ക് രൂപം നല്‍കിയത്. അവയിലൂടെ മികച്ച പുരോഗതി കൈവരിക്കാനായി. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകും. ഹരിതകേരള മിഷനിലൂടെ പുതിയ ഒരു സംസ്കാരം കേരളത്തിലുണര്‍ന്നു. മാലിന്യകൂമ്പാരങ്ങള്‍ വികസിത സമൂഹത്തിന്‍റെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ താല്‍പര്യമുള്ളവര്‍ ദുഖിതരായിരുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസമേഖല തകരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. നാടും, നാട്ടുകാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഇതിനൊപ്പം നിന്നു. നിലവില്‍ പൊതുവിദ്യാഭ്യാസമേഖല കരുത്താര്‍ജ്ജിച്ചു. നാലര വര്‍ഷത്തിനുള്ളില്‍ ഏഴ് ലക്ഷത്തോളം പുതിയകുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എത്തിയത് പദ്ധതിയുടെ വിജയമാണ്. ഏറ്റവും പിന്നാക്കമേഖലയില്‍ നിന്നുള്ള പിന്നാക്കവിഭാഗത്തിലെ കുട്ടിക്കും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്ക് സാധിച്ചു.
ആര്‍ദ്രം മിഷനിലൂടെ പൊതു ആരോഗ്യരംഗത്ത് വന്ന മാറ്റങ്ങള്‍ക്ക് എല്ലാവരും അനുഭവ സാക്ഷികളാണ്. വികസിത രാഷ്ട്രങ്ങള്‍പോലും കോവിഡ് മഹാമാരിക്ക് മുന്നില്‍ വീണുപോയപ്പോള്‍ കേരളത്തിന് വീഴ്ചയുണ്ടായില്ല. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍കോളേജ് വരെ ആരോഗ്യരംഗത്തുണ്ടായ മാറ്റം നാട്ടിലെല്ലാവരുടെയും ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതായിരുന്നു.
നാട് വികസിക്കുമ്പോഴും സ്വന്തമായ ഭവനം എന്ന ആഗ്രഹം സാധിക്കാത്തവര്‍ ലക്ഷങ്ങളായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലൈഫ് മിഷന് രൂപം നല്‍കിയത്. 2.50 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കാന്‍ ലൈഫ് മിഷനിലൂടെ സര്‍ക്കാരിന് സാധിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കി ലൈഫ് മിഷന്‍ പ്രവര്‍ത്തനം നല്ലരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ ജില്ലകളിലായി നടത്തുന്ന മുഖാമുഖം പരിപാടികളിലൂടെ സമാഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസില്‍ നിന്നുയര്‍ന്ന വിവിധ നിര്‍ദ്ദേശങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇടുക്കി ജില്ലയില്‍ നിശ്ചയിച്ചിരുന്ന മുഖാമുഖം പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ സാനു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മുരളി തുമ്മാരുകുടി, കെ.എല്‍ മോഹനവര്‍മ്മ, സ്വാമി ശിവസ്വരൂപാനന്ദ, ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ്പ് മാര്‍ തിയോഡോസിയസ്, മുന്‍ എം.പി പി. രാജീവ്, കൊച്ചിമേയര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, സി. എൻ മോഹനൻ, സത്യൻ മൊകേരി, എം.എല്‍.എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ മാക്സി തുടങ്ങിയവര്‍ പങ്കെടുത്തു
