കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്.

രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി.

സംസ്ഥാനത്ത് വളരെപ്പെട്ടന്ന് കോവിഡ്-19 വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഔദ്യോഗികമായി എന്ന് എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീൽഡ് വാക്സീൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വാക്സിൻ എടുക്കുന്നതിന് ആർക്കും ആശങ്ക വേണ്ട. ചിട്ടയായ വാക്സിൻ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശമനുസരിച്ച് മുൻഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവർക്കാണ് വാക്സിൻ ആദ്യം നൽകുക. പിന്നീട് വാക്സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളിൽ നടന്നിട്ടുണ്ട്.

വാക്സിൻ കിട്ടി കഴിഞ്ഞാൽ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്സിൻ വിതരണ ഡ്രൈ റണ്ണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ സാഹചര്യങ്ങളെ നേരിടുന്ന സമയത്ത് കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മോക് ഡ്രിൽ നടത്താറുണ്ട്. കേന്ദ്രസർക്കാർ നൽകിയ ശീതികരണ ഉപകരണങ്ങൾക്ക് പുറമേ സംസ്ഥാനവും സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കേരളം സജ്ജമാണ്. ആദ്യഘട്ടത്തിൽ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് ശേഷം വയോജനങ്ങളാണ് മുൻഗണന ലിസ്റ്റിലുള്ളത്. അവർക്ക് കൊടുക്കണമെങ്കിൽ 50 ലക്ഷത്തോളം വാക്സിൻ വേണ്ടിവരും. നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വാക്സിൽ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്.

കേരളത്തിൽ കോവിഡ് പ്രതിരോധത്തിന് ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം 20,000 കഴിയുമെന്ന് കരുതിയെങ്കിലും രോഗവ്യാപനം ഫലപ്രദമായി തടയാൻ സംസ്ഥാനത്തിനായെന്നും മന്ത്രി വ്യക്തമാക്കി.

വികെ. പ്രശാന്ത് എം.എൽ.എ., ജില്ല കളക്ടർ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സന്ദീപ്, പേരൂർക്കട ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. പ്രതാപ് ചന്ദ്രൻ, യു.എൻ.ഡി.പി. പ്രതിനിധികളായ ഡോ. അരുണ, ഡോ. സജി എന്നിവർ പങ്കെടുത്തു.

കോവിഡ് വാസ്‌കിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസബിൾ സിറിഞ്ചുകൾ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്.  ലാർജ് ഐ.എൽ.ആർ. 20, വാസ്‌കിൻ കാരിയർ 1800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ നേരത്തെ എത്തിച്ചിരുന്നു.