പാലക്കാട്:ജില്ലയില് കോവിഡ് വാക്‌സിന് കുത്തിവെപ്പിനോടനുബന്ധിച്ചുള്ള ഡ്രൈ റണ് (മോക്ഡ്രില്) പൂർത്തിയായി. നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില് രാവിലെ ഒന്പത് മുതല് 11 വരെ കോവിഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഡ്രൈ റണ്ണിൽ രജിസ്റ്റർ ചെയ്ത 25 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി റീത്ത അറിയിച്ചു.
ഓരോ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും സ്ഥല സൗകര്യം അനുസരിച്ച് സജ്ജീകരണങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഡി.എം.ഒ അറിയിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ 25 ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ ഡ്രൈ റൺ നടപടികളാണ് പൂർത്തിയായത്. കോവീൻ അപ്ലിക്കേഷന്റെ പ്രവർത്തനം പരിശോധിക്കാനും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും സാധിച്ചു . അടിയന്തിരഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം, പൊലീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും തൃപ്തികരമാണെന്ന് ഡ്രൈ റണ്ണിൽ കണ്ടെത്തി.
ഒരു വാക്‌സിനേറ്റര് ഓഫീസറും നാല് വാക്‌സിനേഷന് ഓഫീസര്മാരും അടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയൽ പരിശോധന, വാക്‌സിനേഷന്, വാക്സിനേഷൻ എടുത്തവർക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് മുറികളാണ് സജ്ജമാക്കിയിരുന്നത്. കെ. ബാബു എം.എൽ.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാമണി എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന അവലോകനത്തിൽ വാക്സിനേഷൻ നടത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾക്ക്‌ വേണ്ട സ്ഥലസൗകര്യം സംബന്ധിച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ കെ എ നാസർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആർ സെൽവരാജ്, ആർ സി എച്ച് ഓഫീസർ ഡോ.ടി.കെ. ജയന്തി, ലോക ആരോഗ്യ സംഘടന പ്രതിനിധി ഡോ. സന്തോഷ് രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.