പാമ്പാടി ഗ്രാമപഞ്ചായത്ത്് 2017-18 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ഭവനപദ്ധതിയുടെ താക്കോല്‍ ദാനം നടന്നു. പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ നൂറു വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിലെ എട്ടാമത്തെ മികച്ച പഞ്ചായത്ത് ആയി മാറാന്‍ കഴിഞ്ഞതു വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയആസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി ഇരുപത് ലക്ഷം രൂപ ചിലവിട്ട് നവീകരണം നടത്തിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി /പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.റെജി സക്കറിയയായും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 150 ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളികളെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സണ്ണി പാമ്പാടിയും ആദരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങില്‍ 69 ആം റാങ്ക് നേടിയ പാമ്പാടി കെ. ജി കോളേജിനെ അനുമോദിച്ചു.
ജില്ലാ സഹകരണ ബാങ്കില്‍ നിന്നും രണ്ടു കോടി രൂപ വായ്പ എടുത്താണ് ഗ്രാമ പഞ്ചായത്ത് വീടുകള്‍ നിര്‍മിച്ചത് നല്‍കിയത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ചു 660 ചതുരശ്ര അടിയിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കളെയും തെരഞ്ഞെടുത്തതു ഗ്രാമസഭ വഴിയാണ്. നാല്പതു ലക്ഷം രൂപ പ്രതിവര്‍ഷം പ്ലാന്‍ഫണ്ടില്‍ നിന്നും ചിലവിട്ട് അഞ്ച് വര്‍ഷം കൊണ്ടാവും പഞ്ചായത്ത് മുതല്‍ തിരിച്ചടക്കുക. തനതു ഫണ്ടില്‍ നിന്നാണ് പലിശ അടക്കുക. ഗുണഭോക്താക്കള്‍ക്കു പൂര്‍ണമായും സൗജന്യമായി നല്‍കുന്ന വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ്.
പട്ടിക ജാതി /പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്കുകളും ചടങ്ങില്‍ വിതരണം ചെയ്തു. വികസനകാര്യ കമ്മറ്റി അധ്യക്ഷ ശോശക്കുട്ടി ജേക്കബ്, ക്ഷേമകാര്യ കമ്മിറ്റി അധ്യക്ഷ പി. എസ് ഉഷ കുമാരി, ആരോഗ്യ കാര്യ അധ്യക്ഷന്‍ തോമസ് കെ ജോണ്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ശശിന്ദ്രന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് നന്ദിയും പറഞ്ഞു.