എറണാകുളം: ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. ഫെബ്രുവരി 15 നകം നടപടികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം.

ജില്ലയിൽ മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെ 24 കി.മീറ്റർ നീളത്തിലാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.38.52 ഹെക്ടർ സ്ഥലം കൂടി അധികമായി ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ട് വില്ലേജുകളിലാണ് പ്രവർത്തികൾ നടക്കുന്നത്. ചേരാനല്ലൂർ, ഇടപ്പിള്ളി വില്ലേജുകളിലെ നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ബാക്കിയുള്ള വില്ലേജുകളിൽ സർവേ നടപടികൾ പുരോഗമിക്കുകയാണ്.

പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ആഴ്ചയിലൊരിക്കൽ കമ്മിറ്റി അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്താനും കളക്ടർ നിർദ്ദേശം നൽകി.