പാലക്കാട്‌ : കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി,  ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ സെന്ററായ പാലക്കാട് കൊപ്പം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ 9 ന് ആരംഭിച്ച ഡ്രൈ റണ്‍ മൂന്നു കേന്ദ്രങ്ങളിലും തടസ്സങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ത്തിയായി. രണ്ട് മണിക്കൂറിനകം തന്നെ എല്ലാ ആരോഗ്യപ്രവര്‍ത്തകരിലും ഡ്രൈ റണ്‍ നടത്താനായി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം 75 പേരാണ് പങ്കെടുത്തത്.

കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പാലക്കാട് കൊപ്പം എല്‍.പി സ്‌കൂളില്‍ നടന്ന ഡ്രൈ റണ്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി വിലയിരുത്തുന്നു.

വാക്സിന്‍ സ്വീകരിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെയാണ് ഡ്രൈ റണ്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ഡ്രൈ റണില്‍ കുത്തിവെപ്പിനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ കൃത്യമായി വിലയിരുത്താനും സാധിച്ചു. കൊവീന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി.

കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ നടന്ന ഡ്രൈ റണ്‍


ജനുവരി രണ്ടിന് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടത്തിയ ആദ്യ ഡ്രൈ റണ്‍ വിജയകരമായിരുന്നു. ഒരു വാക്സിനേറ്റര്‍ ഓഫീസറും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെയാണ് ഡ്രൈ റണ്ണിനായി സജ്ജമാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയല്‍ പരിശോധന, വാക്സിനേഷന്‍, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നീ സജ്ജീകരണങ്ങളോടെയാണ് രണ്ട് ഡ്രൈ റണ്ണും നടന്നത്.