എറണാകുളം : കോവിഡ് വാക്സിനേഷന് എറണാകുളം ജില്ല സജ്ജമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് . ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു . ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിൻ്റെ ഭാഗമായി ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ നടന്ന ഡ്രൈറൺ കളക്ടർ നിരീക്ഷിച്ചു.

ഇത് വരെ 61,000 ആരോഗ്യ പ്രവർത്തകരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച ഡ്രൈ റണ്ണിൽ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത 25 ആരോഗ്യ പ്രവർത്തകരാണ് പങ്കെടുത്തത്. കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ഡ്രൈ റൺ .

മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഡ്രൈ റൺ. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തയാറാക്കിയത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. വാക്സിനേഷൻ എടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ സ്ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷം വെയിറ്റിംഗ് ഏരിയയിലേക്ക് വിടും. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക്സിനേഷൻ ഓഫീസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തണം. തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്സിനേഷൻ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും.

രണ്ടാം വാക്സിനേഷൻ ഓഫീസർ വാക്സിനേഷൻ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്സിനേഷൻ ഓഫീസർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയ ആൾക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങൾ കോവിൻ പോർട്ടലിൽ രേഖപ്പെടുത്തും. കുത്തിവയ്പ്പ് നൽകിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജീകരിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ തുടർന്നും പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും.

ഡി എം ഒ ഇൻ ചാർജ് ഡോ. ആർ വിവേക് കുമാർ, ഡി.പി.എം ഡോ.മാത്യൂസ് നുമ്പേലി, ജില്ലാ ആർ. സി.എച്ച് ഓഫീസർ ഡോ. എം.ജി. ശിവദാസ് ഡബ്ല്യൂ എച്ച് ഒ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. പ്രതാപചന്ദ്രൻ , എം സി എച്ച് ഓഫീസർ സെൽസി ടി.ആർ, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസൻ, കിൻഡർ ആശുപത്രി മാനേജിംഗ് ഡയറക്ടർ പ്രവീൺകുമാർ അർജുനൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗുണശേഖരൻ പിള്ള , ജനറൽ മാനേജർ ജിജേഷ് എം , ഡോ ഷൈൻ ഷുക്കൂർ, ഡോ. വിനോദ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.