പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പുതിയ അക്കാദമിക് കോംപ്ലക്‌സ് സമര്‍പ്പിക്കാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍(27) വിവിധ സ്ഥലങ്ങളിലെ പോലീസിനെ വിന്യസിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ഏര്‍പ്പെടരുതെന്ന് ജില്ലാ പോലീസ് മേധാവി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍വകാലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ എന്‍.ഗോപകുമാര്‍, ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിനുശേഷം കളക്ടറും സംഘവും ഹെലിപാഡിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഏകദേശം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളെല്ലാം പ്രധാന കവാടത്തിലൂടെ മാത്രമേ അകത്ത്് പ്രവേശിക്കാന്‍ പാടൂള്ളൂ. പ്രത്യേക പാസ് ഇല്ലാത്ത ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കുകയില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ 29-ന് രാവിലെ പത്ത് മണിക്കുതന്നെ എത്തി നിര്‍ദിഷ്ട സ്ഥലത്ത് ഇരിക്കേണ്ടതാണ്. രാവിലെ 10.20-ന് കേന്ദ്ര സര്‍വകലാശാലയിലെ പ്രത്യേകം തയാറാക്കിയ ഹെലിപാഡില്‍ എത്തുന്ന ഉപരാഷ്ട്രപതി വേദിയിലേക്ക് പോകും. തുടര്‍ന്ന് ചടങ്ങുകള്‍ക്കുശേഷം 12 മണിയോടെ ഉപരാഷ്ട്രമതി മടങ്ങും.