തൃശ്ശൂർ: പട്ടികജാതി വിഭാഗത്തിനുള്ള വികസന പ്രവർത്തനങ്ങളിൽ അർഹരായവർക്ക് ക്ഷേമം ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ അധികാരമേറ്റെടുത്തതു മുതൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് നിരവധി ആനുകൂല്യങ്ങൾ നൽകി. ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ആനുകൂല്യങ്ങൾ നൽകിയത്. എല്ലാ മേഖലയിലും കൂട്ടായ വികസനമാണ് ഇനിയും നടക്കേണ്ടത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനാവുമെന്നും മന്ത്രി മൊയ്തീൻ കൂട്ടിച്ചേർത്തു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, കൗൺസിലർമാരായ പി എം സുരേഷ്, ടി സോമശേഖരൻ, ബീന മുരളി, ഗീതാ ശശി, മിനി മോൻസി, എസ് സി ഡി ഒ പി എം ബിജു, ചിത്രലേഖ തുടങ്ങിയവർ പങ്കെടുത്തു.50 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് നൽകിയത്. 11 ലക്ഷത്തിലേറെ തുകയാണ് ഇതിനായി വിനിയോഗിച്ചത്. നഗരസഭ പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വികസന പദ്ധതി ഉദ്ഘാടനമാണിത്.