സംസ്ഥാന സർക്കാർ നാലര വർഷം പൂർത്തിയാക്കുമ്പോൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി വാത്സല്യനിധി പദ്ധതിവഴി ചെലവഴിച്ചത് 47,27,19,000 രൂപ. ഇതുവരെ 12121 പെൺകുട്ടികൾക്കാണ് ആനുകൂല്യം ലഭിച്ചത്.
പട്ടികജാതി വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളതുമായ കുടുംബത്തിലെ പെൺകുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക. പട്ടികജാതി വികസന വകുപ്പും എൽ. ഐ. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ എൽ.ഐ.സിയിൽ നിന്ന് ലഭിക്കും.
പദ്ധതിയിൽ ചേരുന്നതിന്, പെൺകുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റർ ചെയ്യണം. 2017 ഏപ്രിൽ ഒന്നിനു ശേഷം ജനിച്ച പെൺകുട്ടികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പട്ടികജാതി വികസന വകുപ്പ് പെൺകുട്ടിയുടെ പേരിൽ 1,38,000 രൂപ നാലു ഗഡുക്കളായി എൽഐസിയിലാണ് നിക്ഷേപിക്കുക. പെൺകുട്ടി ജനിച്ച് ഒമ്പത് മാസം പൂർത്തിയാകുമ്പോൾ ആദ്യ ഗഡുവായി 39,000 രൂപ എൽ. ഐ. സിയിൽ നിക്ഷേപിക്കും. രണ്ടാം ഗഡുവായ 36000 രൂപ അഞ്ച് വയസ്സ് പൂർത്തിയായി പ്രൈമറി സ്‌കൂളിൽ പ്രവേശനം നേടുമ്പോൾ. 10 വയസ് പൂർത്തിയായി അഞ്ചാം ക്ലാസിൽ പ്രവേശനം നേടുമ്പോൾ മൂന്നാം ഗഡുവായ 33,000 രൂപയും 15 വയസ്സ് പൂർത്തിയാകുമ്പോൾ നാലാം ഗഡുവായ 30,000 രൂപയും നിക്ഷേപിക്കും.