എറണാകുളം: കോതമംഗലം കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിന്റെ വികസനത്തിനായി ഒരു കോടി 61 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.102 വർഷം പിന്നിട്ട കോതമംഗലം മണ്ഡലത്തിലെ അതിപുരാതനമായ സ്കൂൾ ആണ് കോഴിപ്പിള്ളി ഗവ: എൽ പി എസ്.
1919 ൽ സ്ഥാപിതമായ സ്കൂൾ പ്രദേശത്തെ അനേകങ്ങൾക്കാണ് അക്ഷര വെളിച്ചം പകർന്നത്.

സുന്ദരവും,സുരക്ഷിതവുമായ ഭൗതീക സാഹചര്യങ്ങൾ, സൗന്ദര്യബോധം പ്രതിഫലിപ്പിക്കുന്ന ഇരു നില കെട്ടിടത്തിൽ താഴെ നിലയിൽ 8 ക്ലാസ്സ് മുറികളും,
മുകളിലത്തെ നിലയിൽ 4 ക്ലാസ്സ് മുറികളും ഉൾപ്പെടെ ശിശു സൗഹാർദ്ദമായ 12 പുതിയ ക്ലാസ്സ് റൂമുകൾ,വിശാലമായ ഹാൾ, ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയം,ശുചിത്വ പൂർണ്ണവും, ഹരിതാഭവുമായ വിദ്യാലയ കാമ്പസ്, ആധുനിക നിലവാരത്തിലുള്ള ഡൈനിങ്ങ് ഹാൾ,ടോയ്ലറ്റ് കോംപ്ലെക്സുകൾ,ഓഡിറ്റോറിയം, ജലസംരക്ഷണ വിതരണ സംവിധാനങ്ങൾ,വിവിധ ലാബുകൾ, മ്യൂസിയം,അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലേ ഗ്രൗണ്ട്, ജൈവ വൈവിധ്യ പാർക്ക്, കുട്ടികളുടെ പാർക്ക് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്ക്കൂളിനെ മാറ്റുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് സ്ക്കൂളിൽ നടപ്പിലാക്കുന്നത്.ഇതിനു പുറമേ എം എൽ എ ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ക്ലാസ്സ് റൂം അടങ്ങുന്ന പുതിയ ബ്ലോക്ക് നിർമ്മിച്ചിരുന്നു.

കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് സ്ക്കൂൾ ബസ്സും,പ്രീ പ്രൈമറി ക്ലാസ്സുകൾക്ക് ഉൾപ്പെടെ മൾട്ടിമീഡിയ ലാബിനായി ലാപ്ടോപ്പ്,പ്രൊജക്ടർ,മൾട്ടി പർപ്പസ് സ്കാനർ വിത്ത് പ്രിന്റർ,മൗണ്ടിങ്ങ് കിറ്റ്,വൈറ്റ് ബോർഡ്,സ്പീക്കർ അടക്കമുള്ള ഐ സി റ്റി ഉപകരണങ്ങളും എം എൽ എ ഫണ്ടിൽ നിന്നും നല്കിയിരുന്നു.102 വർഷം പഴക്കമുള്ളതും,തന്റെ മാതൃവിദ്യാലയം കൂടി ആയിട്ടുള്ളതുമായ കോഴിപ്പിള്ളി എൽ പി സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും, തുടർ നടപടികൾ വേഗത്തിലാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ പറഞ്ഞു.