എറണാകുളം: പുതുവൈപ്പിൻ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ ഈ മാസം 20 ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

പുതുവൈപ്പിൻ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനൽ കോൺഫറൻസ് ഹാളിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നതിനായി ചേർന്ന ആലോചനാ യോഗം മോക്ക് ഡ്രിൽ പദ്ധതിക്ക് രൂപം നൽകി. മൂന്ന് തലത്തിൽ രൂപികരിക്കുന്ന കൺട്രോൾ റൂമുകളിലൂടെയാണ് നടപടികൾ പൂർത്തീകരിക്കുന്നത്.

ജില്ലാതല കൺട്രോൾ റൂമായി കളക്ട്രേറ്റിലെ ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, പ്രാദേശിക കൺട്രോൾ റൂമായി ഇളങ്കുന്നപ്പുഴ പഞ്ചായത്തിൽ സജ്ജമാക്കുന്ന താലൂക്ക്തല ഇൻസിഡന്റ് കൺട്രോൾ റൂം, എൽ.എൻ.ജി ടെർമിനലിൽ പ്രവർത്തിക്കുന്ന ഓൺ സൈറ്റ് കൺട്രോൾ റൂം എന്നിവയിലൂടെയാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇരുപതാം തീയതി 11 മണിക്ക് മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള അടിയന്തര സന്ദേശം എൽ.എൻ.ജി ടെർമിനലിൽ നിന്നും വിവിധ കേന്ദ്രങ്ങളിൽ എത്തുന്നതോടെയാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.

കാളമുക്ക് കവലയിൽ നിന്നും എൽ.എൻ.ജി ടെർമിനലിലേക്കുള്ള വാഹന ഗതാഗതം ഇതിന്റെ ഭാഗമായി നിരോധിക്കും.
ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, കൊച്ചി താലൂക്കിന്റെ അടിയന്തരഘട്ട ചുമതലയുള്ള ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. എ. പ്രദീപ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, പോലീസ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, എന്നീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.