പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി.
കുട്ടവഞ്ചി സവാരിക്കായി എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുംവിധം ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, ടിക്കറ്റ് കൗണ്ടര്‍, കഫറ്റേറിയ എന്നിവയാണ് പദ്ധതിയിലൂടെ പൂര്‍ത്തിയായത്. 75 ലക്ഷം രുപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയത്.
ഡി.എഫ്.ഒയ്ക്ക് കീഴിലുള്ള വനം വികസന ഏജന്‍സി വഴിയായിരുന്നു പദ്ധതി നിര്‍വഹണം. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങും വിധമാണു പൂര്‍ത്തിയാക്കിയത്.