എറണാകുളം: നഗരത്തിലെ ഗതാഗത
കുരുക്കിന് പരിഹാരമാകുന്ന ഇൻ്റലിജൻ്റ്സ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ആദ്യ കോറിഡോർ നിർമ്മാണം പൂർത്തിയായി. ഡി സി സി ജംഗ്ഷൻ, മെഡിക്കൽ ട്രസ്റ്റ്, മനോരമ ജംഗ്ഷൻ എന്നിവ ഉൾപ്പെടുന്ന കോറിഡോറിൻ്റ നിർമ്മാണമാണ് പൂ ർത്തിയായത്. ഹൈക്കോടതി ജംഗ്ഷൻ, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഉൾപ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളിൽ സിസ്റ്റം പൂർണ്ണമായും പ്രവർത്തന സജ്ജമാകും.

കൊച്ചി കോർപറേഷൻ പരിധിയിലെ 17 പ്രധാന ജംഗ്ഷനുകളിലാണ് ഇൻ്റലിജൻ്റ്സ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ഭാഗമായി ട്രാഫിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രാവർത്തികമാക്കിയത്. റോഡിലെ തിരക്കനുസരിച്ച് സിഗ്നൽ മാറുന്ന സംവിധാനമാണിത്. നാല് സിഗ്നലുകൾ സ്മാർട്ട് റോഡുകളുടെ നിർമ്മാണത്തോടൊപ്പം പൂർത്തിയാകും.

വാഹനങ്ങൾ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകിയാണ് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും.ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള 30 കേന്ദ്രങ്ങളിലെ ക്യാമറ സ്ഥാപിക്കലുകൾ പൂർത്തിയായി.
93 കാമറകൾ 35 ഇടങ്ങളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ബാക്കിയുള്ള അഞ്ച് കേന്ദ്രങ്ങളിലും ക്യാമറകൾ സ്ഥാപിക്കാനാകും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താനും ഇവക്കാകും. മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്മെൻ്റ് ,നിരീക്ഷണ ക്യാമറകൾ ,നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സേവനങ്ങൾ.

കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനായി യാത്രക്കാർക്കു തന്നെ നിയന്ത്രിക്കാവുന്ന പെലിക്കൺ സിഗ്‌നലുകളുടെ നിർമ്മാണം കലൂരിലും ഇടപ്പള്ളിയിലും പൂർത്തിയായി. മേനക ജംഗ്ഷനിലെക്കും ബോട്ട് ജെട്ടിയിലെയും നിർമ്മാണങ്ങളാണ് ബാക്കിയുള്ളത്. പത്തിടങ്ങളിൽ സൈൻ ബോർഡുകൾ നിർമ്മിക്കുന്ന ജോലികളും പൂർത്തിയായി. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പടെ 26 കോടി രൂപയ്ക്കാണ് കെൽട്രോൺ പദ്ധതി നടപ്പാക്കുന്നത്.

ഇതോടൊപ്പം നവീകരിക്കുന്ന എ.എം.റോഡിൻ്റെ 75 ശതമാനം ജോലികൾ പൂർത്തീകരിച്ചു. ഷൺമുഖം റോഡിൻ്റെ 36 ശതമാനം ജോലികളും, ഡി.എച്ച് റോഡിൻ്റെ 40 ശതമാനം ജോലികളും പാർക്ക് അവന്യു റോഡിൻ്റെ 50 ശതമാനം നവീകരണങ്ങളും പൂർത്തിയായി. ബാനർജി റോഡിൻ്റെ പണികൾ ആരംഭിച്ചു. സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ബേയ്സ്ഡ് ഇൻറഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം (ഐ ടി എം എസ്) കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്