പാലക്കാട്:പട്ടികവര്ഗ മേഖലയില് ജില്ലാ പട്ടികവര്ഗ്ഗ വികസന വകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്ഷ കാലയളവില് 46.28 കോടിയുടെ പ്രവര്ത്തനങ്ങള് നടപ്പിലാക്കി. അംബേദ്കര് സെറ്റില്മെന്റ് വികസനപദ്ധതിയില് ഉള്പ്പെടുത്തി ഒരു കോടി വീതം ആകെ ഏഴ് കോടി ചെലവില് പട്ടികവര്ഗ കോളനികളില് അടിസ്ഥാന സൗകര്യ വികസന പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. പുതുപ്പെരിയാരത്തെ മുല്ലക്കര കോളനി, മലമ്പുഴയിലെ അയ്യപ്പന്പൊറ്റ കോളനി, പുതുശ്ശേരിയിലെ ചെല്ലങ്കാവ് കോളനി, മങ്കലത്താന്ചെള്ള കോളനി, മുതലമടയിലെ ചപ്പക്കാട് കോളനി, പെരുമാട്ടിയിലെ മല്ലന്ചള്ള കോളനി, കാഞ്ഞിരപ്പുഴയിലെ പാമ്പന്തോട് കോളനി എന്നിവിടങ്ങളിലാണ് പ്രവൃത്തികള് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 15 നകം പ്രവൃത്തികള് പൂര്ത്തികരിക്കും. ജില്ലാ നിര്മിതി കേന്ദ്രത്തിനാണ് പ്രവര്ത്തന ചുമതല.
പട്ടികവര്ഗം വിഭാഗം പെണ്കുട്ടികള്ക്കായി 7.30 കോടി ചെലവില് അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല് കെട്ടിടം പണികഴിപ്പിച്ചു. നൂറോളം വിദ്യാര്ഥികള്ക്ക് ഇവിടെ താമസിച്ച് പഠിക്കാവുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവില് പത്താം തരത്തില് പഠിക്കുന്ന 30 വിദ്യാര്ഥികളാണ് ഹോസ്റ്റലില് താമസിച്ച് പഠിക്കുന്നത്. കോവിഡ് സാഹചര്യത്തില് മാറ്റം വരുന്നതോടെ മറ്റു കുട്ടികള്ക്ക് കൂടി ഹോസ്റ്റലില് താമസിക്കാനാവും. 400 ഓളം പട്ടികവര്ഗ വിഭാഗം വിദ്യാര്ഥികള് ഉള്പ്പെട്ട മലമ്പുഴ ആശ്രമം സ്‌കൂളില് 3.09 കോടിയുടെ നവീകരണം നടന്നു. വിദ്യാര്ഥികളുടെ മാനസിക ഉല്ലാസത്തിനായി 18.45 ലക്ഷം ചെലവില് കളിസ്ഥലം, 1.06 കോടി ചെലവില് ജീവനക്കാര്ക്കായി ക്വാര്ട്ടേഴ്സ്, 1.69 കോടി ചെലവില് ഹയര് സെക്കന്ഡറി ബ്ലോക്ക്, 14.1 ലക്ഷം ചെലവില് സ്മാര്ട്ട് ക്ലാസ്സ് മുറികള് ഉള്പ്പെടെയുള്ള നവീകരണമാണ് നടത്തിയത്.
22.90 ലക്ഷം ചെലവില് കുടിവെള്ള പദ്ധതി
വകുപ്പിന് കീഴില് വരുന്ന ചൂരിയോട് കോളനി (9.20 ലക്ഷം), തട്ടാന്ചള്ള കോളനികളില് (6.36 ലക്ഷം) 15.56 ലക്ഷം ചെലവില് കുടിവെള്ള പദ്ധതികള് പൂര്ത്തിയാക്കി. ഇതോടൊപ്പം 7.34 ലക്ഷം ചിലവില് പറമ്പിക്കുളം കുരിയാര്കുറ്റി കോളനിയില് കുടിവെള്ള പദ്ധതിയുടെ പ്രവര്ത്തനങ്ങള് തുടരുകയാണ്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ തളികക്കല്ല് കോളനിയില് 4.14 കോടി ചെലവില് വിവിധ പ്രവൃത്തികള് നടപ്പാക്കി വരുന്നു. 40 കുടുംബങ്ങള്ക്ക് പുതിയ വീടിന്റെ(2.88 കോടി) നിര്മ്മാണം പുരോഗമിക്കുകയാണ്. 1.25 കോടി ചിലവില് ആരംഭിച്ച റോഡ്- പാലം പ്രവൃത്തികളില് റോഡ് നിര്മ്മാണം പൂര്ത്തിയായി. പാലം നിര്മാണം പൂര്ത്തീകരണ ഘട്ടത്തിലാണ്. കോളനിയിലെ കമ്യൂണിറ്റി ഹാളിലേക്ക് 72,750 രൂപയില് ഫര്ണീച്ചര് വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി വരുന്നു.
പട്ടികവര്ഗ വിഭാഗക്കാര്ക്ക് പൊതുപരിപാടികള് നടത്തുന്നതിന് 1.35 കോടി ചെലവില് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് (56.68 ലക്ഷം), മലമ്പുഴ ആനക്കല് കോളനി (31.35 ലക്ഷം), കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വെറ്റിലച്ചോല കോളനി (47.13 ലക്ഷം) എന്നിവിടങ്ങളില് കമ്യൂണിറ്റി ഹാളുകള് നിര്മിച്ചു. പുറമെ, മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം അല്ലിമൂപ്പന് കോളനിയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് ഫര്ണീച്ചര് വിതരണം നടത്തി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വെറ്റിലച്ചോല കോളനി(68.22 ലക്ഷം), കോങ്ങാട് നിയോജകമണ്ഡലത്തില് ആനക്കരണം (1.05 കോടി) എന്നിവിടങ്ങളില് 1.73 കോടിയുടെ റോഡ് നിര്മാണം നടന്നു. അച്ചലട്ടി കോളനി, നിരവ് വാക്കോടന് കോളനി എന്നിവിടങ്ങളില് ജില്ലാ മണ്ണ് സംരക്ഷണവകുപ്പിന് കീഴില് മണ്ണ് സംരക്ഷണം(6 ലക്ഷം), കയ്യാല കെട്ടല് പ്രവര്ത്തനം (11 ലക്ഷം) 17 ലക്ഷം രൂപ ചെലവില് നടന്നുവരുന്നു. മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം മേഖലയിലുള്ള വിവിധ കോളനികളിലെ പട്ടികവര്ഗ വിദ്യാര്ഥികള്ക്കായി തേക്കടി 30 ഏക്കര് കോളനിയിലും സുങ്കം കോളനിയിലുമായി 10.6 ലക്ഷം ചെലവില് മിനി പാര്ക്ക് പ്രവര്ത്തനസജ്ജമാക്കി. 610 പേര്ക്ക് നിക്ഷിപ്ത വനഭൂമി പ്രകാരവും, 141 പേര്ക്ക് സര്ക്കാര് കൈമാറ്റം ചെയ്തുകിട്ടിയ മിച്ചഭൂമി പ്രകാരവും, 30 പേര്ക്ക് ലാന്ഡ് ബാങ്ക് പദ്ധതി പ്രകാരവും രണ്ട് കോടി ചെലവില് 781 പേര്ക്ക് ഭൂമി വിതരണം ചെയ്തു. ഇതിനു പുറമെ തൊഴില്രഹിതരായ പട്ടികവര്ഗ വിഭാഗക്കാര്ക്ക് 40.26 ലക്ഷം ചെലവില് 32 കറവപ്പശു, 58 പേര്ക്ക് കാട് വെട്ടി യന്ത്രം, ആറ് പേര്ക്ക് മരംമുറി യന്ത്രം, അഞ്ച് പേര്ക്ക് തയ്യല്മെഷീന് എന്നിവയും 2016-20 കാലഘട്ടത്തില് വകുപ്പ് നല്കി. മലമ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ പട്ടികവര്ഗ കോളനികളിലെ വീടുകളില് 40.34 ലക്ഷം ചെലവില് കെ.എസ്.ഇ.ബി.യുടെ ആഭിമുഖ്യത്തില് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്ത്തനം പൂര്ത്തീകരണവേളയിലാണ്.
49 കോളനികളില് ഓണ്ലൈന് പഠനസൗകര്യം
ജില്ലയിലെ 49 പട്ടികവര്ഗ കോളനികളില് കോവിഡ് 19 ന്റെ പശ്ചാത്തലത്തില് കുട്ടികള്ക്കായി 4.99 ലക്ഷം ചെലവില് പഠനസഹായത്തിനായി 49 ടെലിവിഷനും ഡി.ടി.എച്ച് കണക്ഷനുകളും നല്കി. വീടുകളില് പഠന സൗകര്യമില്ലാത്ത വിദ്യാര്ത്ഥികള്ക്ക് കമ്യൂണിറ്റി ഹാളുകളില് ഫസിലിറ്റേറ്ററുടെ സഹായത്തോടെ ഓണ്ലൈന് ക്ലാസുകള് ഉറപ്പുവരുത്തി വരുന്നു. 3230 വിദ്യാര്ത്ഥികള്ക്ക് നോട്ടു പുസ്തകങ്ങളും പേനകളും വിതരണം ചെയ്തു. പ്രൊഫഷണല് കോഴ്സുകള് ചെയ്യുന്ന പട്ടികവര്ഗ വിദ്യാര്ഥികള്ക്കായി വിദ്യാഭ്യാസ ആനുകൂല്യമായി 11 ലാപ്ടോപുകളും നല്കി.