റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കുടുംബശ്രീ നടപ്പിലാക്കുന്ന കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്ററിന്റെ മാള ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, പഞ്ചായത്ത്‌ അംഗം പി വി സതീശൻ, അന്നമനട പഞ്ചായത്ത്‌ കുടുംബശ്രീ ചെയർപേഴ്സൺ ഷിനി സുധാകരൻ, വൈസ് ചെയർപേഴ്സൺ ഷീജ സദാനന്ദൻ മെമ്പർ സെക്രട്ടറി കെ എ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്ന യുവതി യുവാക്കൾക്ക് തൊഴിൽ നേടുന്നതിനുള്ള പരിശീലനമാണ് കണക്ട് ടു വർക്ക്‌ ട്രെയിനിങ് സെന്ററിലൂടെ നൽകുക. പി എസ് സി പോലുള്ള പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, എഴുത്ത് പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലനം, ഇന്റർവ്യൂവിനെ എങ്ങനെ നേരിടാം എന്നിവ സംബന്ധിച്ച് ക്ലാസുകൾ നടക്കും. മുപ്പത്തിയഞ്ചു പേർ വീതമുള്ള ഓരോ ഗ്രൂപ്പിനും നാൽപ്പത് ദിവസങ്ങളിലായിട്ടാണ് ട്രെയിനിങ് നടത്തുക. മൂന്ന് മണിക്കൂർ വീതം പരിശീലന ക്ലാസുകൾ ക്രമീകരിക്കും. കുടുംബശ്രീ അംഗങ്ങൾക്കും അല്ലാത്തവർക്കും പദ്ധതിയുടെ ഭാഗമായി ട്രെയിനിങിന് അപേക്ഷിക്കാം. ഓരോ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ഓഫീസിൽ നിന്നും ട്രെയിനിങ്ങിന് ചേരുന്നതിനുള്ള അപേക്ഷ ഫോറം ലഭിക്കും.