തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് 2020-21 സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. ഒൻപത് തീരജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുന്നത്. മത്സ്യ വിപണന മേഖലയിലെ സർക്കാർ ഇടലുപെടലുകളെപ്പറ്റി എം.എൽ.എ മാരായ ആന്റണി ജോൺ, പുരുഷൻ കടലുണ്ടി, മുരളി പെരുനെല്ലി, കെ.വി അബ്ദുൾ ഖാദർ എന്നിവരുടെ ചോദ്യത്തിന്  നിയമസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇത് അറിയിച്ചത്.

ഗുണമേൻമയുള്ള മത്സ്യം ഉപഭോക്താക്കൾക്ക്  എത്തിക്കുന്നതിന് മത്സ്യഫെഡ് 46 ഫിഷ് മാർട്ടുകൾ ആരംഭിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ വരുമാന വർദ്ധന സാധ്യമാക്കുന്നതിനായി സാഫ് ഡ്രൈ ഫിഷ് യൂണിറ്റുകൾ രൂപീകരിച്ചു.  വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 38 ആധുനിക മത്സ്യ മാർക്കറ്റുകൾ പ്രവർത്തനസജ്ജമാക്കി. കിഫ്ബി ധനസഹായത്തോടെ 65 മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 193.47 കോടി രൂപയുടെ പദ്ധതി തത്വത്തിൽ അംഗീകരിച്ചു.  ഇതിൽ 13.97 കോടി രൂപയുടെ ആറ് മത്സ്യമാർക്കറ്റുകളുടെ നിർമ്മാണത്തിന് അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.