ആലപ്പുഴ : കനത്ത മഴയില്‍ വെള്ളം കയറി ഞാറ് നശിച്ച ആമ്പടവം പാടശേഖരത്തില്‍ വീണ്ടും വിത്ത് വിതച്ചു. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഇടപ്പോണ്‍ ആമ്പടവം പടശേഖരത്ത് രണ്ടാഴ്ച്ച പ്രായമുള്ള 20 ഹെക്ടറിലെ നെല്ലാണ് മഴയെ തുടര്‍ന്ന് നശിച്ചത്. നെല്ലിന്റെ വളര്‍ച്ച ഇന്‍ഷുറന്‍സിന് പാകമാകാഞ്ഞത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ ത്രിതല പഞ്ചായത്തും കൃഷി വകുപ്പും അടങ്ങുന്ന സംഘം പാടശേഖരം സന്ദര്‍ശിച്ച് നാശ നഷ്ട്ടം വിലയിരുത്തുകയും ചെയ്തിരുന്നു. കൃഷി വകുപ്പില്‍ നിന്നും സൗജന്യമായി വനരത്‌ന ഇനത്തില്‍പെട്ട 2000 കിലോ വിത്ത് കര്‍ഷകര്‍ക്ക് നല്‍കി. ഈ വിത്തുകളാണ് പുതിയതായി വിതച്ചത്. വിതയുത്സവം നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. പുരുഷോത്തമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.