രാസപദാർത്ഥങ്ങൾ ചേരാത്ത മത്സ്യവുമായി മത്സ്യഫെഡിന്റെ ആറ് ഫിഷ് മാർട്ടുകൾ കൂടി ആരംഭിക്കുന്നു
ഉദ്ഘാടനം 27ന്

ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം എത്തിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ പുതിയതായി ആറ് ഫിഷ് മാർട്ടുകൾ കൂടി പ്രവർത്തനം ആരംഭിക്കും.
ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം ജനുവരി 27ന് രാവിലെ 11 മണിയ്ക്ക് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലയിലെ അറയ്ക്കൽ, പവിത്രേശ്വരം, പത്തനംതിട്ട ജില്ലയിലെ ശബരിഗിരി, മെഴുവേലി, എറണാകുളം ജില്ലയിലെ ഒക്കൽ, മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, സഹകരണ സ്ഥാപനങ്ങളിലാണ് ഫിഷ് മാർട്ടിന്റെ പ്രവർത്തനം തുടങ്ങുന്നത്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഒരു ആധുനിക രീതിയിലുള്ള മത്സ്യ വിപണന കേന്ദ്രമെങ്കിലും ആരംഭിക്കണമെന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫിഷ് മാർട്ടുകൾ പ്രവർത്തനമാരംഭിക്കുന്നത്.
പച്ച മത്സ്യം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡിന്റെ 46 ഫിഷ് മാർട്ടുകളും 33 സർവ്വീസ് സഹകരണ ഫ്രാഞ്ചൈസി മാർട്ടുകളും പ്രവർത്തിക്കുന്നുണ്ട്.