മലപ്പുറം: പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ സാന്നിധ്യത്തില്‍ അവരുടെ കുട്ടിയ്ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി നിര്‍വഹിച്ചു. പരിപാടിയുടെ ഒന്നാം ദിവസമായ ഇന്നലെ (31) ജില്ലയില്‍ 2,87,313 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
അഞ്ച് വയസിന് താഴെയുള്ള 4,53,118 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 63.41 ശതമാനം കുട്ടികള്‍ക്ക് ഇന്നലെ പോളിയോ തുള്ളി മരുന്ന് വിതരണ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ നല്‍കി. ജില്ലയില്‍ 3,760 പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, ബസ് സ്റ്റാന്റുകള്‍ എന്നിവടങ്ങളിലായി 79 ട്രാന്‍സിറ്റ് ബൂത്തുകളും, 84 മൊബൈല്‍ ടീമുകളും സജ്ജീകരിച്ചിരുന്നു. ഇന്നലെ ബൂത്തുകളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് ഇന്ന് പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്‍സ് പോളിയോ പരിപാടി നടക്കുന്നത്. ബൂത്തുകളില്‍ കൈ കഴുകുന്നതിനുളള സൗകര്യങ്ങളും സാനിറ്റൈസറും ലഭ്യമാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും മാസ്‌ക്കും ഫേസ് ഷീല്‍ഡും ധരിച്ചാണ് കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.
ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ പുലമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, ആരോഗ്യസ്ഥിര സമിതി അധ്യക്ഷ എം.ടി നസീറ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി അഹമ്മദ് അഫ്‌സല്‍, വാര്‍ഡ് അംഗം വി.പി.മുഹമ്മദ് ഹനീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ ജലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.