സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം അടൂര്‍ മണ്ഡലത്തില്‍ പര്യടനം തുടങ്ങി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വീഡിയോ ഹ്രസ്വചിത്ര പ്രദര്‍ശനം ‘മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍’ അടൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം തുടങ്ങി. അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എല്ലായിടത്തും നടന്നിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അതിന്റെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തിലും മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുവാന്‍ കഴിഞ്ഞത്. ഈ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്ന ‘മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍’ എന്ന സഞ്ചരിക്കുന്ന വീഡിയോ ഹ്രസ്വചിത്ര പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

കിഫ്ബി പദ്ധതിയിലൂടെ ഹൈടെക് നിലവാരത്തിലുള്ള റോഡുകള്‍, ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ മിഷനുകളിലൂടെ അഞ്ചു വര്‍ഷത്തിനിടെ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. അത് അടൂര്‍ മണ്ഡലത്തിലും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ രണ്ടുദിവസമായിരിക്കും വീഡിയോ പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷതവഹിച്ചു. നഗരസഭ കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തും. ആദ്യ രണ്ടു ദിവസം അടൂര്‍ നിയോജക മണ്ഡലത്തിലെ 30 കേന്ദ്രങ്ങളിലാണു പര്യടനം നടത്തുന്നത്. ജില്ലയില്‍ മൊത്തം 150 കേന്ദ്രങ്ങളിലാണ് വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.