ജില്ലയിൽ എൽ പി വിഭാഗത്തിൽ സമ്പൂർണ ഹൈടെക് സ്കൂൾ ആകുന്ന ആദ്യത്തെ എൽ പി സ്കൂൾ

തൃശൂർ: ജില്ലയിൽ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂം ആകുന്ന ആദ്യ ഗവ. എൽ പി സ്കൂളായി മാറി പുന്നയൂർക്കുളം ചമ്മന്നൂർ ഗവൺമെന്റ് എൽ പി സ്കൂൾ. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഒന്നാം നില കെട്ടിട സമുച്ചയവും സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളും പണിതത്. ഫെബ്രുവരി ആറിന് രാവിലെ 10ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചമ്മന്നൂർ സ്കൂളിന്റെ ഒന്നാം നില കെട്ടിടസമുച്ചയം നാടിന് സമർപ്പിക്കും.

56 ലക്ഷം ചിലവിലാണ് ചമ്മന്നൂർ ഗവ സ്കൂൾ സ്മാർട്ട് ആകാൻ ഒരുങ്ങിയത്. നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. ഒന്നാം നില കെട്ടിട സമുച്ചയ നിർമാണത്തിന് 30 ലക്ഷം,  സമ്പൂർണ്ണ സ്മാർട്ട് ഹൈടെക് സ്കൂളാക്കാൻ 11 ലക്ഷം, സ്കൂളിന്റെ മറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം എന്നിവയാണ് ചിലവ്. പ്രദേശത്തെ നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ചമ്മന്നൂർ സ്കൂൾ തൃശൂർ ജില്ലയിലെ തന്നെ സമ്പൂർണ്ണ ഹൈടെക് ആകുന്ന ആദ്യത്തെ എൽ പി സ്കൂളാണ്. പുന്നയൂർക്കുളം പഞ്ചായത്തിനെ സംബന്ധിച്ച് ഇത് അഭിമാന മുഹൂർത്തമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൾ റഹീം വീട്ടിപറമ്പിൽ, പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിസാർ, ചമ്മന്നൂർ സ്കൂൾ പ്രധാനാധ്യാപിക മരിയ വർഗീസ്, പി ടി എ പ്രസിഡന്റ് യു വിനോദ്, നിർമ്മിതി കേന്ദ്ര ഉദ്യോഗസ്ഥർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.