കായിക മേഖലയുടെ നിലവാരം ഉയർത്താനായി: മുഖ്യമന്ത്രി 

കേരളത്തിലെ കായിക മേഖലയുടെ നിലവാരം മികച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന ജി. വി. രാജ പുരസ്‌കാര ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നടത്താനും മികച്ച പരിശീലനം നൽകാനും കായിക താരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള നടപടികൾക്കുമാണ് സർക്കാർ ഉൗന്നൽ നൽകിയത്. കായികതാരങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരവും സർക്കാർ ഒരുക്കി.

വിവിധ ജില്ലകളിലായി 40ഓളം സ്‌റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ചാലക്കുടി, കൂത്തുപറമ്പ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്‌റ്റേഡിയം നാടിന് സമർപ്പിച്ചു. പാലക്കാട് ജില്ലയിൽ നാലിടത്ത് ഫെബ്രുവരി എട്ടിന് സ്‌റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും. സ്‌പോർട്‌സ് ക്വാട്ടയിൽ 498 കായികതാരങ്ങൾക്ക് നിയമനം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കായികമന്ത്രി ഇ. പി. ജയരാജൻ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, വൈസ് പ്രസിഡന്റ് ഒ. കെ. വിനീഷ്, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, എൽ. എൻ. സി. പി. ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം. ആർ. രഞ്ജിത്ത്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്. എസ്. സുധീർ എന്നിവർ സംബന്ധിച്ചു.