ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ ഓണ്‍ലൈനായി മെയ് ഒമ്പത് രാവിലെ 10 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭിക്കും.  സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അപേക്ഷകര്‍ക്കു നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.  വെബ്‌സൈറ്റില്‍ നിന്നും അതത് ജില്ലകളുടെ പ്രോസ്‌പെക്ടസ് പ്രിന്റ് എടുത്ത് എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിക്കും. ഓരോ ദിവസവും കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌കുകളില്‍ സ്‌കൂള്‍ പ്രവൃത്തി സമയം മുഴുവനും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 18.  ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം തെറ്റുകള്‍ അപേക്ഷകര്‍ കണ്ടെത്തിയാല്‍ പ്രസ്തുത വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്തണം.