എറണാകുളം: അത്യാഹിത സാഹചര്യങ്ങളെ നേരിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെ സജ്ജമാക്കുന്നതിനായി അമ്പലമേട് എച്ചി.ഒ.സി.എലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ വിജയം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഘ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.മുൻനിശ്ചയിച്ച രീതിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വിവിധ സുരക്ഷാ സംവിധാനങ്ങളുടെയും വകുപ്പുകളുടെയും കൃത്യമായ ഏകോപനം മോക്ക് ഡ്രില്ലിൽ സാധ്യമായി. ജില്ലാതല കൺട്രോൾ റൂമായി കളക്ട്രേറ്റിലെ ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, പ്രാദേശിക കൺട്രോൾ റൂമായി അമ്പലമേട് പോലീസ് സ്റ്റേഷൻ എന്നിവയിലൂടെയാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങൾ 1.30 ഓടെ പൂർത്തിയായി. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ജില്ലാ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, പോലീസ്, ആരോഗ്യവകുപ്പ്, ദേശീയ ദുരന്ത നിവാരണ സേന, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എച്.ഒ.സി.എൽ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ ഫാക്ടറികളിലെ ഉദ്യോഗസ്ഥർ എന്നിവർ മോക്ക് ഡ്രിൽ അവലോകന യോഗത്തിൽ പങ്കെടുത്തു.