എറണാകുളം: ജില്ലയുടെ മുഖച്ഛായ മാറ്റിയ പദ്ധതികളെക്കുറിച്ചും വികസന നാള്‍വഴികളെക്കുറിച്ചും തുറന്ന സംവാദത്തിന് വേദിയൊരുക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ജനസഭയ്ക്ക് ബുധനാഴ്ച പള്ളുരുത്തിയില്‍ തുടക്കം. എം.സ്വരാജ് എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍ എ, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. ശ്രീജിത്ത്, ജനപ്രതിനിധികള്‍, സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ നേതാക്കള്‍, പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജനസഭ പള്ളുരുത്തി ഇ.കെ.നാരായണന്‍ സ്‌ക്വയറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.
ജനങ്ങളുടെ ജീവിതത്തില്‍ പ്രളയത്തിനും മഹാമാരികള്‍ക്കും ഇടയിലും പോസീറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, പ്രഭാഷണങ്ങള്‍, വികസനോന്മുഖ ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ പരിപാടിയിലുണ്ടാകും. ബുധനാഴ്ച വൈകിട്ട് 4ന് കൊച്ചിയിലും ജനസഭ നടക്കും. ഫെബ്രുവരി 11ന് രാവിലെ 10ന് ഏലൂരിലും വൈകീട്ട് നാലിന് കുറുമശ്ശേരിയിലും ഫെബ്രുവരി 12 ന് രാവിലെ 10ന് കീഴ്മാടും വൈകീട്ട് നാലിന് രായമംഗലത്തും 13 ന് രാവിലെ 10ന് മുവാറ്റുപുഴയിലും വൈകീട്ട് 4ന് വലമ്പൂരിലും 14 ന് രാവിലെ 10ന് തൃപ്പൂണിത്തുറയിലും വൈകീട്ട് 4ന് ഞാറക്കലിലും ജനസഭ അരങ്ങേറും. ജനസഭ ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എറണാകുളം എന്ന ഫേസ് ബുക്ക് പേജില്‍ തല്‍സമയം കാണാം