പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സി എം ഡി ആർ എഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളിലേക്കായി 539 പരാതികൾ ലഭിക്കുകയും 34 എണ്ണം തീർ പ്പാക്കുകയും ചെയ്തു. 505 എണ്ണം തുടർനടപടികൾക്കായി അതത് വകുപ്പുകൾക്ക് കൈമാറി. സിവിൽ സപ്ലൈസ് മുഖാന്തിരം 169 പരാതികളാണ് ലഭിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ 17 റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും 152 എണ്ണം തുടർനടപടികൾക്കായി മാറ്റിവെയ്ക്കുകയും ചെയ്തു.സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 25 പരാതികളിൽ 16 എണ്ണം തീർപ്പാക്കുകയും ഒൻപതെണ്ണം തുടർനടപടികൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 14 പരാതികളാണ് ലഭിച്ചത് ഇതിൽ ഒരെണ്ണം തീർപ്പാക്കുകയും 13 എണ്ണം വകുപ്പിന് തുടർനടപടികൾക്കായി കൈമാറുകയും ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 70 പരാതികളാണ് ലഭിച്ചത്. റവന്യൂ വകുപ്പും മറ്റു വകുപ്പുകളും ഉൾപ്പെടെ 261 പരാതികളും ലഭിച്ചിട്ടുണ്ട്.