തൃശ്ശൂർ:   ജില്ലയിൽ 220 കെ വി വോൾട്ടേജിൽ പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സബ് സ്റ്റേഷൻ ഇനി ചാലക്കുടിക്ക് സ്വന്തം. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും തടസങ്ങളൊന്നുമില്ലാതെ 24 മണിക്കൂറും ഇനി മുതൽ വൈദ്യുതി ലഭിക്കും.

കിഫ്‌ബി സഹായത്തോടെ 75.87 കോടി രൂപ ചിലവഴിച്ചാണ് സബ് സ്റ്റേഷൻ പണി പൂർത്തീകരിച്ചിട്ടുള്ളത്. അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, കൊടകര, മേലൂർ, കൊരട്ടി, കാടുകുറ്റി, മറ്റത്തൂർ, ആളൂർ, കറുകുറ്റി, മാള, കുഴൂർ, കൊടുങ്ങല്ലൂർ, അന്നമനട, വരാന്തരപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ സബ് സ്റ്റേഷൻ 220 കെ വി ആക്കി ഉയർത്തിയതിന്റെ ഭാഗമായി തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കും.കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുക എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡ് സംയുക്തമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ആസൂത്രണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടും പ്രകൃതിസൗഹൃദ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നടപ്പാക്കുന്ന സബ്സ്റ്റേഷൻ പാക്കേജിൽ ഉൾപ്പെടുത്തിയാണ് ചാലക്കുടിയിലെ 220 കെവി സബ്സ്റ്റേഷൻ പണിപൂർത്തീകരിച്ചിട്ടുള്ളത്. നിലവിലുള്ള 110 കെ വി സബ്സ്റ്റേഷൻ 220 കെ വി ആക്കി ഉയർത്തി.നിലവിലുള്ള ലോവർപെരിയാർ മാടക്കത്തറ 220കെ വി പ്രസരണ ലൈനിൽ നിന്നും ലൈൻ ഇൻ ലൈൻ ഔട്ട് സംവിധാനത്തിലാണ് 220 കെ വി വൈദ്യുതി ചാലക്കുടിയിൽ എത്തിക്കുന്നത്. ഇതിനായി കൊന്നക്കുഴി മുതൽ ചാലക്കുടി വരെ 22.24സർക്യൂട്ട് കിലോമീറ്റർ 220/110 കെവി പുതുതായി നിർമിച്ചു.പ്രസരണ ലൈനിന്റെയും സബ് സ്റ്റേഷന്റെയും നിർമ്മാണം ടേൺ കി അടിസ്ഥാനത്തിൽ പൂർത്തീകരിച്ചത് ലാർസൻ ആന്റ് ടുബ്രോ ലിമിറ്റഡ്, സീമൻസ് ലിമിറ്റഡ് എന്നി കമ്പനികളാണ്.