കണ്ണൂർ: നവോത്ഥാന മുന്നേറ്റത്തിനൊപ്പം എ കെ ജിയും അദ്ദേഹം നേത്യത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങള്‍ക്ക് പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ മാത്രമാണ് എന്ന നിഗമനം ശരിയല്ലെന്നും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന പല സംസ്ഥാനങ്ങളിലും പിന്നീട് അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെരളശ്ശേരിയിലെ പള്ളിയത്ത് എ കെ ജി സ്മൃതി മ്യൂസിയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സാമൂഹ്യ പരിഷ്‌കരണത്തിന് നവോത്ഥാന ഇടപെടല്‍ മാത്രം പോരെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ വേണമെന്നും നിശ്ചയമുണ്ടായിരുന്ന ആളായിരുന്നു എ കെ ജി. അതാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും അദ്ദേഹത്തെ നയിച്ചത്. നാടിനെ മാറ്റിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ജനകീയ നേതാവായിരുന്നു അദ്ദേഹം. കേരളീയ സാമൂഹ്യ മാറ്റത്തില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്ക് കൂടിയാണ് എ കെ ജിയെ വായിക്കുമ്പോള്‍ മനസിലാകുക. പുതുതലമുറയ്ക്ക് ഇക്കാര്യമറിയാന്‍ സ്മൃതി മ്യൂസിയം സഹായകമാവും- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത ഹീനമായ സാമൂഹ്യ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന കാലമായിരുന്നു എ കെ ജിയുടെ ചെറുപ്പകാലം. അതുകൊണ്ടാണ് കേരളത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചത്. ജനിച്ചതും ജീവിച്ചതുമായ പരിസരങ്ങള്‍ക്കപ്പുറം തന്റെ ധര്‍മ്മത്തെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ ബോധ്യമുണ്ടായിരുന്ന ആളായിരുന്നു എ കെ ജി. അങ്ങനെയാണദ്ദേഹം നിസ്വരോടും അശരണരോടും അവഗണിക്കപ്പെട്ടവരോടും തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. അന്നത്തെ ജാതീ ശ്രേണിയെടുത്താല്‍ അവര്‍ണ്ണര്‍ എന്ന് വിശേഷിപ്പിക്കപെടുന്നവരും സവര്‍ണ്ണരെ പോലെ താഴെക്കിടയിലെ ജനവിഭാഗങ്ങളെ പീഡിപ്പിച്ചിരുന്നു.
എ കെ ജി പയ്യന്നൂരിലെ കണ്ടോത്ത് വച്ചാണ് ആദ്യ മര്‍ദ്ദനത്തിനിരയാവുന്നത്. വഴി നടക്കാന്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ ജാഥക്ക് നേരെ ഉലക്ക കൊണ്ടായിരുന്നു അടി. സവര്‍ണ്ണരായിരുന്നില്ല, മറിച്ച് തീയ്യ സമുദായത്തില്‍ പെട്ടവരായിരുന്നു അതിന് പിന്നില്‍. ഉലക്ക കൊണ്ടുള്ള അടിയേറ്റ് മരണാസന്നന്നായ എ കെ ജി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കാലങ്ങള്‍ക്കിപ്പുറം കണ്ടോത്തെ ജനത എ കെ ജിയുടെ അനുയായികളായി മാറി. സാമൂഹ്യ പരിവര്‍ത്തനമെങ്ങനെയൊക്കെയാണ് സാധ്യമായത് എന്നതിനുദാഹരണമാണിത്.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്ത നേതാവായിരുന്നു എ കെ ജി. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ പുലരി സ്വതന്ത്രനായല്ല എ കെ ജി കണ്ടത്. ജയിലിലായിരുന്നു അദ്ദേഹം. എന്ത് കൊണ്ടായിരുന്നു അദ്ദേഹം തടവറയിലായത് എന്ന ചോദ്യം എല്ലാ കാലവും ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എ കെ ജി സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ മോചനത്തിനായി അഹോരാത്രം പോരാടി ഒരു നാടിന്റെ പ്രത്യാശയുടെ പ്രകാശഗോപുരമായി മാറിയ കഥയാണ് എ കെ ജി സ്മൃതി മ്യൂസിയത്തിന്റെ ഇതിവൃത്തം. മക്രേരി വില്ലേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.21 ഏക്കറിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. പതിനായിരം ചതുരശ്ര അടിയില്‍ ഇരുനില കെട്ടിടവും ആധുനിക മ്യൂസിയ സങ്കല്‍പങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഏഴ് ഗാലറികളടങ്ങുന്ന പ്രദര്‍ശന സംവിധാനങ്ങളും ഉള്‍പ്പെട്ടതാണ് സ്മൃതി മ്യൂസിയം. ഇത് സംബന്ധിച്ച് ഒമ്പത് കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. 11.5 കോടി രൂപ ചെലവിലാണ് ഭൂമി ഏറ്റെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയം പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.
തുറമുഖ പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു, ആര്‍ട്ട് ഗാലറി സൂപ്രണ്ട് പി എസ് പ്രിയ രാജന്‍, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.