കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് ഒബിസി വിഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയും ആറു മുതല്‍ എട്ട് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. താ്തപര്യമുളളവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ഇന്ന് (മെയ് 11) എറണാകുളം ചിറ്റൂര്‍ റോഡിലുള്ള വൈഎംസിഎ ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിക്കും. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളും നടപടിക്രമങ്ങളും വ്യവസായ വകുപ്പ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും ശില്‍പ്പശാലയില്‍ പ്രതിപാദിക്കും. കോര്‍പ്പറേഷന്‍ എംഡി കെ.ടി. ബാലഭാസ്‌കരന്‍, പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജി. സിദ്ധാര്‍ഥന്‍, ജില്ല വ്യവസായ കേന്ദ്രം അഡീഷണല്‍ ഡയറക്ടര്‍ മിനി മോള്‍ സി.ജി തുടങ്ങിയവര്‍ പങ്കെടുക്കും.