⭕ സാന്ത്വന സ്പർശത്തിലൂടെ ലഭിച്ച വീടിന് കെയർ ഹോമിലൂടെ തറക്കല്ലിട്ടു

അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാൽ പ്രായപൂർത്തിയായ രണ്ടു പെൺമക്കളെ മാറ്റിപ്പാർപ്പിച്ച് ജീവിതത്തോട് പോരാടുകയായിരുന്ന തെക്കുംകര കാറ്റാടിയിൽ സുമതിയ്ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂവണിയുന്നു. ഫെബ്രു. 2 ന് കുന്നംകുളത്ത് നടന്ന സാന്ത്വന സ്പർശം അദാലത്തിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനു മുന്നിൽ ജീവിത പ്രതിസന്ധി വിവരിച്ച സുമതിയ്ക്ക് രണ്ടാഴ്ചയ്ക്കിക്കിപ്പുറം സർക്കാർ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടുത്തു.സഹകരണ വകുപ്പിൻ്റെ കെയർ ഹോം പദ്ധതിയിലൂടെയാണ് സുമതിയ്ക്ക് വീടു ലഭിക്കുന്നത്. ഇതിൻ്റെ തറക്കല്ലിടൽ ചൊവ്വാഴ്ച ജില്ലാ കലക്ടർ എസ് ഷാനവാസ് നിർവഹിച്ചു.

5 ലക്ഷം രൂപയാണ് വീടുനിർമാണത്തിനായി സർക്കാർ നൽകുന്നത്. സുമതിയുടെ അപേക്ഷയിൽ വീടു നൽകുന്നതിന് കഴിഞ്ഞ 12 നാണ് സർക്കാർ ഉത്തരവിട്ടത്. കലക്ടർ എസ് ഷാനവാസ് കെയർ ഹോം പദ്ധതിയിലൂടെ വീടു നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ചൊവ്വാഴ്ച തറക്കല്ലിട്ടത്.ഭർത്താവ് ഉപേക്ഷിച്ചു പോയ സുമതിയ്ക്ക് കഴിഞ്ഞ പ്രളയകാലത്താണ് ഉണ്ടായിരുന്ന വീട് തകർന്നു പോയത്. തുടർന്ന് തൊട്ടടുത്ത് താൽക്കാലികമായി കെട്ടിയ കൂരയിലാണ് കഴിഞ്ഞു പോരുന്നത്. പഠിക്കാൻ മിടുക്കികളായ മക്കളായ കാവ്യ , അഞ്ജലി എന്നിവരെ വീട്ടിൽ നിർത്താൻ ധൈര്യമില്ലാത്തതിനാൽ ഒരു മoത്തിൽ നിർത്തിയാണ് പഠിപ്പിച്ചു വരുന്നത്. പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളാണിവർ.

തൊഴിലുറപ്പു തൊഴിലാളിയായ സുമതിയ്ക്ക് കുറച്ചു മാസങ്ങളായി ശാരീരിക അവശതയെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതേ തുടർന്ന് തൊട്ടടുത്ത അമ്പലപ്പാട്ട് എന്ന സ്ഥലത്ത് സുമനസുകളുടെ സഹായത്താൽ ഒരു പെട്ടികട നടത്തി വരികയാണ് സുമതി. കോവിഡ് പശ്ചാത്തലമായതിനാൽ സുമതി മക്കളെ കണ്ടിട്ട് പോലും മാസങ്ങളായി. ഫോണിൽ വിളിച്ച് സംസാരിക്കും. എന്നാൽ വീട് എന്ന സ്വപ്നം വളരെ പെട്ടെന്നു തന്നെ സർക്കാർ യാഥാർത്ഥ്യമാക്കിയത് തനിക്കും പെൺമക്കൾക്കും ഏറെ സഹായമായെന്നും ഇതിന് വളരെ നന്ദിയുണ്ടന്നും സുമതി പറയുന്നു.

തറക്കല്ലിടൽ ചടങ്ങിൽ ജില്ലാ കലക്ടർ എസ് ഷാനവാസിനെ കൂടാതെ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽകുമാർ, സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ജനറൽ എം ശബരിദാസൻ, അസി. രജിസ്ട്രാർ സിന്ധു , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ രാധാകൃഷ്ണൻ, വാർഡ് മെമ്പർ ഷൈബി ജോൺസൺ, മച്ചാട് പരസ്പര സഹായ സഹകരണ സംഘം പ്രസിഡൻ്റ് കെ നാരായണൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു.