കണ്ണൂർ: മുന്‍ വര്‍ഷങ്ങളിലെ അഭിമാന പദ്ധതികള്‍ തുടരുന്നതിനൊപ്പം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി, ടൂറിസം, ജല സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. 134,94,66,000 രൂപ വരവും 127,61,03,000 രൂപ ചെലവും കണക്കാക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ അവതരിപ്പിച്ചത്. 7,33,63,000 രൂപയാണ് മിച്ചം.
പുഴകളും തണ്ണീര്‍ത്തടങ്ങളും ദിനംപ്രതി നാശോന്‍മുഖമായി മാറുന്ന സാഹചര്യത്തില്‍ അവ സംരക്ഷിക്കുന്നതിനും ജൈവ വൈവിധ്യവും പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായ കണ്ണൂരിലെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നതിനുളള വിപുലമായ പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്.

അഞ്ചരക്കണ്ടി പുഴ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ തുടരും. കാട്ടാമ്പള്ളി പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളിലെ കയ്യേറ്റം തടയുന്നതിനും തണ്ണീര്‍ത്തട സംരക്ഷണത്തിനുമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് കാര്‍ഷിക മേഖലയ്ക്കായി മാത്രം മാറ്റിവച്ചിരിക്കുന്നത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ജില്ലയില്‍ ടൂറിസം മാപ്പിംഗ് നടത്തി വെര്‍ച്വല്‍ ടൂര്‍ പ്രോഗ്രാമും കണ്ണൂര്‍ ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കും
കാര്‍ബണ്‍ നൂട്രല്‍ ജില്ലയാക്കാനുള്ള കര്‍മ്മ പരിപാടികള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 1000 ഹരിത വനങ്ങള്‍ സൃഷ്ടിച്ച് മികച്ച അവയ്ക്ക് ഗ്രീന്‍ റോയല്‍റ്റി നല്‍കം
നാട്ടുമാവുകള്‍ സംരക്ഷിക്കുന്നതിനായി നാട്ട് മാവ് പരിപാലന കേന്ദ്രങ്ങള്‍
വാണിജ്യാടിസ്ഥാനത്തില്‍ ഏറെ സാധ്യതയുള്ള ഊദ് മരങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും
തരിശ് പാടങ്ങളും പറമ്പുകളും തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൃഷിയോഗ്യമാക്കും
കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലക്ക് വിറ്റഴിക്കാന്‍ നഗര കേന്ദ്രത്തില്‍ വിപണന സൗകര്യം ഏര്‍പ്പെടുത്തുക, സാറ്റര്‍ഡേ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും കൃഷിപ്പണിക്കാരുടെ സേവനങ്ങള്‍ക്കുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍.
കൈപ്പാട് കൃഷി വ്യാപനത്തിനും കൈപ്പാട് അരിക്ക് അന്താരാഷ്ട വിപണി കണ്ടെത്താനുമുള്ള പദ്ധതികള്‍
കൊവിഡിനെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധി പരിഹരിക്കുന്നിനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഇതുവഴി പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും.
അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കു വേണ്ടി സ്‌കില്‍ പാര്‍ക്ക്
ചട്ടുകപ്പാറയില്‍ സാംസ്‌കാരിക വിനിമയ കേന്ദ്രം
ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലും ഹയര്‍ സെക്കണ്ടറിയിലെ മുഴുവന്‍ ക്ലാസ് മുറികളിലും മിനി ലൈബ്രറി
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ സയന്‍സ് പാര്‍ക്ക് കേന്ദ്രമാക്കി പദ്ധതി
യുവജന ക്ലബുകളുമായി സഹകരിച്ച് 24 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം
നിക്ഷേപ സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ക്കായി ഹെല്‍പ് ഡെസക്
പിന്നോക്കം നില്‍ക്കുന്ന പട്ടിക വര്‍ഗ്ഗ സങ്കേതങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പ്രത്യേക പദ്ധതി
എസ്പിസി യൂണിറ്റുകള്‍ക്ക് ജില്ലാപഞ്ചായത്ത് ധനസഹായം
റോഡുകളുടെ ഇരുവശങ്ങളും സൗന്ദര്യവല്‍ക്കരിക്കാന്‍ ബൃഹത് പദ്ധതി
കണ്ണൂരിന്റെ ചരിത്രം, കല, രാഷ്ട്ട്രീയം ഉള്‍പ്പെടുന്ന കണ്ണൂര്‍ വിജ്ഞാനകോശം
സ്ത്രീ പദവി ഉയര്‍ത്തുന്നതിനായി ജെന്റര്‍ മാനിഫെസ്റ്റോ
മാലിന്യത്തില്‍ നിന്നും മാണിക്യം പദ്ധതി ആവിഷ്‌കരിക്കും. ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിന് മൈക്രോ സംരംഭത്വ പ്രോത്സാഹനം.
അതിഥി തൊഴിലാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും അവരുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാനുമായി ഫെസ്റ്റ്
ജില്ലാപഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ജിഐഎസ് മാപ്പിങ് ചെയ്യും
ലഹരി, ക്യാന്‍സര്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവ സംബന്ധിച്ച ക്യാമ്പയിനുകള്‍
ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന് 38,43,02,000 രൂപ വരവും, 38,33,00,000 ചെലവുമാണ് ബജറ്റില്‍ വകയിരുത്തിയത്.

കാര്‍ഷിക മേഖലയുടെ ഉണര്‍വാണ് സമൂഹത്തിന്റെ സ്ഥായിയായ വികസനം എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയാണ് 2021-22 വര്‍ഷത്തിലെ ജില്ലാ പഞ്ചായത്ത് ബജറ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ബജറ്റ് അവതരിപ്പിക്കേണ്ടതിനാല്‍ ചെറിയ രീതിയിലാണ് അവതരണം നടന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ലഭിച്ചതിന് ശേഷം വിപുലമായ രീതിയില്‍ ബജറ്റ് അവതരണം നടത്തുമെന്നും പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി ശോഭ, അഡ്വ.ടി സരള, അഡ്വ.കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.