എറണാകുളം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങൾ കൊണ്ടും അവരുടെ സാന്നിധ്യം കൊണ്ടും വേറിട്ട് നിൽക്കുകയാണ് കൊച്ചിയിലെ കേരള രാജ്യാന്തര ചലച്ചിത്രമേള. ലിംഗ നിക്ഷ്പക്ഷ ശുചിമുറികളുൾപ്പടെയുള്ള സംവിധാനങ്ങളാണ് മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മേളയുടെ അവതാരക സംഘത്തിലും ഇവരുടെ സാന്നിധ്യമുണ്ട്. മേളയുടെ കൊച്ചിയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത്.

2016ലാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യമായി ഒരു ട്രാൻസ്‍ജിൻഡർ പാസ് അനുവദിക്കുന്നത്. മഞ്ജു വാര്യരിൽ നിന്നും ആദ്യത്തെ പാസ് കൈപ്പറ്റിയ ശീതൾ ശ്യാം തന്നെയാണ് ഇവിടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം നടപടികൾ തങ്ങൾക്ക് കൂടുതൽ ആത്‌മവിശ്വാസം പകരുന്നതാണെന്നു ശീതൾ ശ്യാം പ്രതികരിച്ചു.