9188100100 എ നമ്പരില്‍ വിളിക്കാം
റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രമേശ് കുമാര്‍ ഫൗണ്ടേഷനും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ചടങ്ങില്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്ന രാമു സര്‍വീസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതിന്റെ ലോഗോ രമേശ് കുമാര്‍ ഫൗണ്ടേഷന്‍ അംഗം ഡോ. ശ്യാമളകുമാരിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അപകടസ്ഥലത്തു നിന്നു മൊബൈല്‍ നമ്പരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണു കോള്‍ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസും, ഐ.എം.എ യും പരിശീലനം നല്‍കിയിട്ടുണ്ട്.
അടുത്തഘട്ടത്തില്‍ മൊബൈല്‍ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് ഏറ്റവുമടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊബൈലില്‍ അലര്‍ട്ട് നല്‍കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലില്‍ തെളിയും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡല്‍ ഓഫിസര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
നിലവില്‍ നോണ്‍ ഐ.സി.യു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐ.സി.യു ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെ ഉള്ളവരോ വാടക നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്ന് തുക നല്‍കും. ചടങ്ങില്‍ എം. മുകേഷ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ.എന്‍. സുള്‍ഫി, ട്രോമ കെയര്‍ സെല്‍ ചെയര്‍മാന്‍ ഡോ.ശ്രീജിത്ത് എന്‍.കുമാര്‍, ഐ.ജി.മനോജ് എബ്രഹാം, ഡി.സി.പി.ജയദേവ്, ഡോ.ജോണ്‍ പണിക്കര്‍, ഡോ.മാര്‍ത്താണ്ഡന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.