ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുമെന്ന് ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി. എം. തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീയും കയര്‍ഫെഡും സംയുക്തമായി ആരംഭിച്ച ജില്ലയിലെ കയര്‍ ആന്റ് ക്രാഫ്റ്റ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം ആയിരം സ്റ്റോറുകള്‍ ആരംഭിക്കും. കയര്‍ ഫെഡ് പുരോഗതിയുടെ പാതയിലാണ്. കയറിന്റെ സംഭരണം നിലിവില്‍ അഞ്ചുമടങ് വര്‍ദ്ധിച്ചിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ ഇത് പത്തുമടങ്ങാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യപിച്ചിരുന്നതാണ് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍. കയര്‍ ഉത്പ്പന്നങ്ങള്‍, പമ്പരാഗത ഉത്പ്പനങ്ങള്‍ക്കും കുടുംബശ്രീയുടെ വിവിധ കരകൗശല, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍, കേരള സോപ്പ്, വനശ്രീ, കൈതറി, കരകൗശല വികസന കോര്‍പ്പറേഷന്‍, ഖാദി ബോര്‍ഡ് തുടങ്ങിയവയുടെ ഉത്പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
കയര്‍ ഫെഡ് പ്രസിഡന്റ് അഡ്വ. എന്‍. സായികുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സൗമ്യ രാജ് മുഖ്യപ്രഭാഷണം നടത്തി. കയര്‍ ഫെഡ് വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, നഗരസഭാംഗം സിനി ഷാഫി ഖാന്‍, കയര്‍ ഫെഡ് ജനറല്‍ മാനേജര്‍ ബി. സുനില്‍, കുടുംബശ്രീ മിഷന്‍ ജില്ല കോ- ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത ധനപാലന്‍, വി.എസ്. മണി, എസ്.എല്‍. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.