പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ വനിതകൾക്കായുള്ള സംസ്ഥാനത്തെ ആദ്യ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി. തിരുവനന്തപുരം പേരൂർക്കടയിലാണ് പി.കെ. റോസി വർക്കിംഗ് വിമൺസ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങുന്നത്. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലയിലെ വനിതാ ജീവനക്കാർക്ക് ഇവിടെ കുറഞ്ഞ മാസ വാടകയ്ക്ക് താമസ സൗകര്യം ലഭിക്കും. പട്ടികജാതി വികസന വകുപ്പ് 5.46 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

രണ്ട് നിലയുള്ള ഹോസ്റ്റലിൽ 60 പേർക്ക് താമസിക്കാം. ഇന്റർവ്യൂ, ടെസ്റ്റുകൾ, ഔദ്യോഗികാവശ്യങ്ങൾ എന്നിവയ്ക്കായി തലസ്ഥാനത്ത് എത്തുന്ന വനിതകൾക്ക് താത്കാലിക താമസത്തിന് സൗകര്യം ലഭിക്കും. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ അഭിമാന സ്ഥാപനം എന്ന നിലയ്ക്കാണ് ജാതിയുടെ പേരിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രത്തിലെ നായിക പി.കെ. റോസിയുടെ പേര് ഹോസ്റ്റലിന് നൽകിയതെന്ന് പട്ടിജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വികസന മന്ത്രി എ.കെ. ബാലൻ പറഞ്ഞു.