രാഷ്ട്ര വികസനം ഗ്രാമ വികസനത്തിലൂടെ എന്ന മഹാത്മാഗന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഗ്രാമവികസന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിജ്ഞാനം വ്യാപിപ്പിക്കാനും അത് പുതിയ തലമുറയുമായി ബന്ധിപ്പിക്കാനും ഗവേഷകര്‍ മുന്നിട്ടിറങ്ങണം. സാങ്കേതിക വിദ്യയിലെ പുത്തനറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കാനും സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്രദമാക്കുവാനും കഴിയണം. അറിവിനെ അനുഭവമാക്കി വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനും വികസനവേഗം കൂട്ടാനും ഗ്രാമീണ ഗവേഷക സംഗമത്തിലൂടെ കഴിയണം. പുതിയ വിജ്ഞാനാധിഷ്ഠിത നേട്ടങ്ങളെ ശാക്തീകരിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്. സ്വാമിനാഥന്‍ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രത്തെ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായി ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണ ഗവേഷക സംഗമം പ്രൊസീഡിംഗ്‌സ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ റിം 2018 എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ ഗവേഷണ നിരീക്ഷണങ്ങള്‍ കര്‍ഷകരിലെത്തണമെന്നും മനുഷ്യര്‍ക്ക് ഹാനികരമായ കീടനാശിനി തളിച്ച പച്ചക്കറികള്‍ ഉപേക്ഷിച്ച് നമ്മുടെ നാട്ടില്‍ത്തന്നെ ജൈവപച്ചക്കറി ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഡോ. അജിത്ത് പ്രഭു വിഷയാവതരണം നടത്തി. ഗവേഷണ നിലയം ചെയര്‍പേഴസണ്‍ ഡോ. മധുര സ്വാമിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, റിം അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി. മേനോന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുരേഷ്ദാസ്, പ്രൊഫ.എം.കെ. പ്രസാദ് ,ഡോ. എസ്. പ്രദീപ് കുമാര്‍, ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.