ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാനും കോവിഡ് ബാധിതരാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഉദ്യോഗസ്ഥര്‍ക്ക് ബുധനാഴ്ച മുതല്‍ ജില്ലയില്‍ പ്രതിരോധ വാക്സിന്‍ വിതരണം തുടങ്ങുന്നു. രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവയറിയിക്കുന്ന സന്ദേശം ലഭിക്കും. ആധാര്‍ കാര്‍ഡും മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി കേന്ദ്രത്തിലെത്തേണ്ടതാണ്. വാക്സിനെടുത്ത ശേഷവും ശരിയായി മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്.
മുന്‍പ് ഉണ്ടായിട്ടുള്ള കോവിഡ് ബാധ, ഹൃദയം, നാഡി, ശ്വാസകോശം, ഉപാപചയ, വൃക്ക സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, പ്രതിരോധശക്തി കുറയുന്ന അവസ്ഥ, എച്ച്.ഐ.വി തുടങ്ങിയ സാഹചര്യങ്ങളൊന്നും പ്രതിരോധ കുത്തിവയ്പെടുക്കുന്നതിന് തടസ്സമല്ല. എന്നാല്‍ ഗുരുതരമായ അലര്‍ജി പ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിക്കരുത്. കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളുള്ളവര്‍, ഏതെങ്കിലും രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവര്‍, ആശുപത്രിയില്‍ കഴിയുന്നവര്‍ എന്നിവര്‍ രോഗമുക്തരായ ശേഷം 4- 8 ആഴ്ച കഴിഞ്ഞ് വാക്സിനെടുക്കുക.
അമിത രക്തസ്രാവമോ, രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകളോ ഉള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് വാക്സിനെടുക്കുക. ആദ്യ ഡോസ് എടുത്തതിന് ശേഷം രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുശേഷം സ്വീകരിക്കുക. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിയുമ്പോള്‍ രോഗപ്രതിരോധ ശേഷി ലഭിക്കുന്നു. കേരളത്തില്‍ 94% ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഡോസ് എടുത്തു വരുന്നു. മുന്‍നിരപ്പോരാളികള്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്കി വരുന്നു.
പനി, ശരീരവേദന, കുത്തിവയ്പ് എടുത്ത ഭാഗത്ത് തടിപ്പ്/വേദന, തലവേദന, ക്ഷീണം, പേശിവേദന, സന്ധിവേദന, ശാരീരിക അസ്വാസ്ഥ്യം, ചൂട്, വിറയല്‍, മനംപുരട്ടല്‍ തുടങ്ങി നിസ്സാര പാര്‍ശ്വ ഫലങ്ങള്‍ കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ കൂടുതലായി ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയോ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയോ ചെയ്യുക. കേരളത്തില്‍ എടുത്തു വരുന്ന വാക്സിനുകള്‍ തികച്ചും സുരക്ഷിതമാണ്. വാക്സിനേഷന്‍ സ്വീകരിക്കാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുകയും വാക്സിനേഷനു ശേഷം കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.