കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപ്പിലാക്കുന്ന ഏർളി ആക്സസ് ടു ജസ്റ്റിസ് പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമാർ, അഭിഭാഷകർ എന്നിവർക്കായി ഏക ദിന പരിശീലന സെമിനാർ സംഘടിപ്പിച്ചു.സ്ത്രീകൾ, കുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, വാർഷികവരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർ തുടങ്ങിയവർക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള അഭിഭാഷകർ മുഖേനയാണ് നിയമ സഹായം നൽകുക.നാലു പോലീസ്‌സ്റ്റേഷനുകൾക്ക് ഒരു അഭിഭാഷകൻ എന്ന നിലയിലാണ് ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
സംശയത്തിന്റെ പേരിലോ മറ്റോ ആരെയെങ്കിലും സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോഴും അറസ്റ്റു ചെയ്യുമ്പോഴും സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന ഫോറം എല്ലാ പോലീസ് സ്റ്റേഷനുകളിലും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങൾ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തി പോലീസ് സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും.നിയമ സേവന അതോറിറ്റിയുടെ ഓഫീസർമാരായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ ഫോൺ നമ്പറും ഇതിൽ ഉണ്ടായിരിക്കും. സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നവരുടെയും, അറസ്റ്റ് ചെയ്യപ്പെടുന്നവരുടെയും അവകാശങ്ങൾ രേഖപ്പെടുത്തിയ കലണ്ടറുകളും പോലീസ് സ്റ്റേഷനിൽ ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ
ജില്ലാ ജഡ്ജി സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സബ് ജഡ്ജി റെനോ ഫ്രാൻസിസ്. ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി മെബർ സെക്രട്ടറിയുമായ നിസാർ അഹമ്മദ് കെ. ടി ക്ലാസ്സെടുത്തു.